വിയന്ന> ഓസ്ട്രിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ സ്പാറിലെ ഹിപ്പ് ബേബി ഫുഡ് ജാറുകളിൽ എലിവിഷം കണ്ടെത്തി. അപ്രതീക്ഷിത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് യൂറോപ്പ്. ജാറുകളിൽ ആരോ മനപ്പൂർവ്വം വിഷം കലർത്തിയതാണെന്ന സൂചനയെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരു ഉപഭോക്താവ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഭാഗ്യവശാൽ ആ കുഞ്ഞ് ഭക്ഷണം കഴിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉൽപ്പന്നങ്ങൾ സുരക്ഷിതമായിരുന്നുവെന്നും, വിപണിയിലെത്തിയ ശേഷം നടന്ന അട്ടിമറിയാണിതെന്നുമാണ് ഹിപ്പ് കമ്പനിയുടെ വിശദീകരണം. ഇതേത്തുടർന്ന് സ്പാർ, യൂറോസ്പാർ, ഇന്റർസ്പാർ സ്റ്റോറുകളിൽ നിന്ന് എല്ലാ ജാറുകളും ഹിപ്പ് കമ്പനി തിരിച്ചുവിളിച്ചു. ഓസ്ട്രിയയ്ക്ക് പിന്നാലെ ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ വിഷം കലർത്തിയ ജാറുകൾ അധികൃതർ പിടിച്ചെടുത്തു. കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന ഈ നീക്കം അതീവ ഗൗരവത്തോടെയാണ് ജർമ്മൻ അന്വേഷണ ഏജൻസികളും നിരീക്ഷിക്കുന്നത്.
വിഷം കലർത്തിയ ജാറുകൾ തിരിച്ചറിയാൻ അധികൃതർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. അടപ്പ് തുറന്ന നിലയിലോ കേടുപാടുകൾ ഉള്ളതോ സെക്യൂരിറ്റി സീൽ ഇല്ലാത്തതോ ആണെങ്കിൽ അത് ഉപയോഗിക്കരുത്. ഗ്ലാസ് ജാറിന്റെ അടിഭാഗത്ത് ചുവന്ന വട്ടത്തോടു കൂടിയ വെളുത്ത സ്റ്റിക്കർ ഉണ്ടോ എന്ന് പരിശോധിക്കുക. അസ്വാഭാവികമായ ഗന്ധമോ കേടായ ലക്ഷണങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷണം നൽകരുത്.
ഹിപ്പ് ബേബി ഫുഡ് കഴിച്ച കുട്ടികളിൽ നിശ്ചിത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്. അമിതമായ രക്തസ്രാവമോ, അസാധാരണമായ തളർച്ചയോ വിളർച്ചയോ ഉണ്ടായാൽ ഉടൻ വൈദ്യ സഹായം തേടണമെന്നാണ് നിര്‍ദേശം. അതേസമയം, ഹിപ്പ് കമ്പനിയുടെ ബേബി ഫോർമുല ഉൽപ്പന്നങ്ങളെ ഈ പ്രശ്നം ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.