യു എസ് പ്രസിഡൻ്റിൻ്റെ ‘പ്രിയപ്പെട്ടവൻ’,അസീം മുനീർ ട്രംപിന്റെ കുതികാൽ വെട്ടും; പിന്നിൽ വേറെ കളി; പാക്കിസ്ഥാൻ കരസേനാ മേധാവി അമേരിക്കയെ ചതിക്കുമോ? - Kerala Times    

യു എസ് പ്രസിഡൻ്റിൻ്റെ ‘പ്രിയപ്പെട്ടവൻ’,അസീം മുനീർ ട്രംപിന്റെ കുതികാൽ വെട്ടും; പിന്നിൽ വേറെ കളി; പാക്കിസ്ഥാൻ കരസേനാ മേധാവി അമേരിക്കയെ ചതിക്കുമോ?

April 19, 2026
asim munir trump 750x394 1

പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആത്മബന്ധം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപ് ‘എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ’ എന്ന് വിശേഷിപ്പിക്കുമ്പോഴും, അസിം മുനീറിന് പിന്നിൽ ഇറാനുമായുള്ള അവിശുദ്ധ ബന്ധം അമേരിക്കൻ സുരക്ഷ ഏജൻസികളെ കടുത്ത ആശങ്കയിലാക്കുന്നു. രഹസ്യ മധ്യസ്ഥനായി മുനീർ നിലകൊള്ളുമ്പോൾ തന്നെ, ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉന്നതരുമായി മുനീറിനുള്ള ദീർഘകാല ബന്ധമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഫോക്സ് ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ സൈനിക നേതൃത്വവുമായി മുനീറിനുള്ള വ്യക്തിപരമായ അടുപ്പം അമേരിക്കയ്ക്ക് വലിയൊരു ‘റെഡ് ഫ്ലാഗ്’ അഥവ അപായസൂചനയാണ്. കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് തലവൻ ഖാസിം സുലൈമാനിയുമായും അടുത്തിടെ കൊല്ലപ്പെട്ട ഹൊസൈൻ സലാമിയുമായും മുനീറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റിട്ടയേർഡ് പാക് ജനറൽ അഹമ്മദ് സയീദ് വെളിപ്പെടുത്തിയത് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. പുറമെ അമേരിക്കയെ സഹായിക്കുന്ന മധ്യസ്ഥനായി നടിക്കുമ്പോഴും, മുനീർ ഇറാൻ താല്പര്യങ്ങൾ സംരക്ഷിക്കാനാണോ ശ്രമിക്കുന്നത് എന്ന സംശയം ബലപ്പെടുകയാണ്.

അഫ്ഗാൻ യുദ്ധകാലത്ത് അമേരിക്കയിൽ നിന്ന് കോടികളുടെ സഹായം കൈപ്പറ്റുകയും എന്നാൽ രഹസ്യമായി താലിബാന് സഹായം നൽകുകയും ചെയ്ത പാകിസ്ഥാന്റെ പാരമ്പര്യം അമേരിക്കൻ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.”പാകിസ്ഥാനെ വിശ്വസിക്കരുത്, അവർ ചതിയന്മാരായ സഖ്യകക്ഷികളാണ്” എന്നാണ് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് (FDD) പ്രതിനിധി ബിൽ റോഗിയോ മുന്നറിയിപ്പ് നൽകുന്നത്. മുനീറിന്റെ ഈ ഇരട്ടത്താപ്പ് അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനും സൈന്യത്തിന്റെ ആധിപത്യം ഉറപ്പിക്കാനും മുനീർ ശ്രമിക്കുമ്പോൾ തന്നെ, ട്രംപിനെ പ്രീതിപ്പെടുത്തി തന്റെ അന്താരാഷ്ട്ര പ്രതിച്ഛായ വർധിപ്പിക്കാനാണ് മുനീർ ശ്രമിക്കുന്നത്. നിലവിൽ ജാറെദ്കുഷ്നറുമായും സ്റ്റീവ് വിറ്റ്കോഫുമായും ചേർന്ന് ഇറാൻ ചർച്ചകളിൽ മുനീർ ഇടപെടുന്നുണ്ട്. എന്നാൽ ചർച്ചകളിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസം മധ്യസ്ഥ ചർച്ചകളിൽ നിന്ന് ഇറങ്ങിപ്പോയതും ശ്രദ്ധേയമാണ്. മുനീറിനെ കണ്ണടച്ച് വിശ്വസിക്കുന്ന ട്രംപിന്റെ രീതിക്കെതിരെ അമേരിക്കൻ പ്രതിരോധ വകുപ്പിനുള്ളിലും മുറുമുറുപ്പ് ശക്തമാണ്.

Leave a Reply

Your email address will not be published.

Latest from Blog

error: Content is protected !!