ഇനി മണിക്കൂറുകൾ മാത്രം, വെടിനിർത്തൽ അവസാനിക്കുമ്പോൾ  ലോകം ആശങ്കയിൽ; കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല - Kerala Times    

ഇനി മണിക്കൂറുകൾ മാത്രം, വെടിനിർത്തൽ അവസാനിക്കുമ്പോൾ  ലോകം ആശങ്കയിൽ; കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല

April 21, 2026
IMG 20260421 070521

ടെഹ്റാൻ> പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടെ യുഎസിനോട് ഇടഞ്ഞ് ഇറാൻ. ഇറാന്റെ കീഴടങ്ങൽ പ്രതീക്ഷിക്കേണ്ട എന്ന് അമേരിക്കയ്ക്ക് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം അടുത്ത ഘട്ട ചർച്ചകൾക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദിൽ എത്തും എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറയുന്നത്. എന്നാൽ ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വെടിനിർത്തലിന് ഇടയിലും ഇറാന്‍റെ കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇറാനെ ചൊടിപ്പിച്ചത്.

പാക് പ്രധാനമന്ത്രിയും ഇറാൻ പ്രസിഡന്‍റും തമ്മിലും പാക് – ഇറാൻ വിദേശകാര്യ മന്ത്രിമാർ തമ്മിലും പാകിസ്ഥാനിലെ ഇറാൻ അംബാസഡർ വഴിയും പാക് സൈനിക മേധാവി അസീം മുനീർ ഡോണൾഡ് ട്രംപുമായി സംസാരിച്ചുമെല്ലാം ചർച്ച നടത്തിയെടുക്കാൻ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നു. ചർച്ചയ്ക്കായി അമേരിക്കൻ സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും ഇറാൻ ഇതു വരെ അയഞ്ഞിട്ടില്ല. ഹോർമുസിലെ നാവിക ഉപരോധം കുരുക്കാകുമെന്ന് പാകിസ്ഥാൻ അമേരിക്കയെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ഹോർമുസിൽ അമേരിക്ക തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഉടനടി തിരിച്ചടിക്ക് സജ്ജമായിരുന്നുവെന്നും ജീവനക്കാരും കുടുംബങ്ങളും കപ്പലിലുള്ളതിനാൽ ഒഴിവാക്കിയെന്നും ഇറാൻ സേനയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലാക്രമിച്ചതിന് തിരിച്ചടി നൽകുമെന്നു തന്നെയാണ് ഇപ്പോഴും നിലപാട്. അമേരിക്കയുടേത് കടൽക്കൊള്ളയാണെന്നാണ് ഇറാന്‍റെ വിമർശനം.

നാവിക ഉപരോധം നീക്കാതെ ഇറാൻ ചർച്ചയ്ക്ക് വഴങ്ങില്ല. ചെങ്കടൽ തീരത്തെ സൗദിയുടെ യാംബു തുറമുഖം ഉൾപ്പെടെ ഹോർമുസിന് പുറത്തെ തുറമുഖങ്ങളും യുദ്ധമുഖമായി മാറുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതിനിടെ ഇറാൻ നേതൃത്വത്തിലെ ഭിന്നതകൾ സംബന്ധിച്ചും വിവിധ റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറന്നതായി പ്രഖ്യാപനം നടത്തിയ ശേഷം പിന്നീട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയുടെ എക്സ് പേജിൽ രണ്ട് ദിവസമായി കുറിപ്പുകളില്ല. മറ്റു നേതാക്കളാണ് പ്രസ്താവനകൾ നടത്തുന്നത്. ചർച്ച നടന്നാലും വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടുകളിലേക്ക് ഇറാൻ നീങ്ങിയേക്കുമെന്ന സൂചനകൾ നൽകുന്നതാണിത്. ചർച്ചയ്ക്ക് വഴങ്ങിയില്ലെങ്കിൽ ഇറാനെ തകർത്തു കളയുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ഇതിനിടെ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ് സൗദിക്ക് കൂടുതൽ ശക്തമായ സഹകരണം വാഗ്ദാനം ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചു

Latest from Blog

error: Content is protected !!