ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ 'ഗുഡ് ബൈ'; ശത്രുവിനെ സഹായിച്ചാൽ എണ്ണ ഉൽപ്പാദനം അവസാനിക്കും, മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ച് വെല്ലുവിളി - Kerala Times    

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ ‘ഗുഡ് ബൈ’; ശത്രുവിനെ സഹായിച്ചാൽ എണ്ണ ഉൽപ്പാദനം അവസാനിക്കും, മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ച് വെല്ലുവിളി

April 22, 2026
images 2026 04 22T115831.262

ടെഹ്റാൻ> മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡർ രംഗത്ത്. ഇറാന്‍റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ സൗകര്യങ്ങളോ വിട്ടുനൽകിയാൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനത്തോട് എന്നെന്നേക്കുമായി വിടപറയാൻ തയ്യാറെടുത്തുകൊള്ളാനാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ഏറോസ്പേസ് ഫോഴ്സ് കമാൻഡറെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

പേർഷ്യൻ ഗൾഫിലെ ചില രാജ്യങ്ങൾ മുമ്പ് ഇറാന്‍റെ ശത്രുക്കൾക്ക് താവളമൊരുക്കിയിരുന്നുവെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ ആ രാജ്യങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകർക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി. ഇറാന്‍റെ ലക്ഷ്യപ്പട്ടികയിൽ ഇനി സൈനിക താവളങ്ങൾ മാത്രമല്ല ഉള്ളതെന്നും മറിച്ച് മിഡിൽ ഈസ്റ്റിലെ പ്രധാന എണ്ണപ്പാടങ്ങളും റിഫൈനറികളും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ നിർണ്ണായകമായ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ അക്കമിട്ട് നിരത്തിയാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.

അമേരിക്കയുടെ സൈനിക താവളങ്ങൾ നിലനിൽക്കുന്നതും അവരുടെ സഖ്യകക്ഷികളുമായ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്‍റെ ഈ നീക്കം ആഗോള എണ്ണ വിപണിയിലും വലിയ ആശങ്ക പടർത്തുന്നുണ്ട്. മേഖലയിലെ സാമ്പത്തിക ഭദ്രതയെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നിരിക്കെ, ഇറാന്‍റെ അടുത്ത നീക്കങ്ങൾക്കായി ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.

Latest from Blog

error: Content is protected !!