കിമ്മിന്‍റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം; 136 കി.മീ അകലെയുള്ള ദ്വീപിനെ തരിപ്പണമാക്കി  ഒരേസമയം തൊടുത്തത് 5 മിസൈലുകൾ, മേഖലയിൽ ഭീതി - Kerala Times    

കിമ്മിന്‍റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം; 136 കി.മീ അകലെയുള്ള ദ്വീപിനെ തരിപ്പണമാക്കി  ഒരേസമയം തൊടുത്തത് 5 മിസൈലുകൾ, മേഖലയിൽ ഭീതി

April 22, 2026
IMG 20260422 122414

സോൾ> ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ, അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഞായറാഴ്ച പുലർച്ചെ ഉത്തര കൊറിയയിലെ സിൻപോ മേഖലയിൽ നിന്നും ഈസ്റ്റ് സീ ലക്ഷ്യമാക്കിയാണ് മിസൈലുകൾ തൊടുത്തുവിട്ടത്. തന്‍റെ മകൾ കിം ജൂ എയ്‌ക്കൊപ്പം നേരിട്ടെത്തിയാണ് കിം ഈ മിസൈൽ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. ഒരേസമയം ഒന്നിലധികം ബോംബുകൾ ചിതറിത്തെറിക്കുന്ന ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെ പ്രഹരശേഷി പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം.

ഉപരിതലത്തിൽ നിന്നും തൊടുക്കാവുന്ന ‘ഹ്വാസോങ്‌പോ-11 റാ’ (Hwasongpho-11 Ra) എന്ന മിസൈലുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 136 കിലോമീറ്റർ അകലെയുള്ള ഒരു ദ്വീപിനെ ലക്ഷ്യമാക്കി അഞ്ച് മിസൈലുകൾ ഒരേസമയം പതിച്ചതായും നിശ്ചിത മേഖലയിൽ വൻ നാശനഷ്ടങ്ങൾ വരുത്താൻ ഇവയ്ക്ക് സാധിച്ചതായും ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ അവകാശപ്പെട്ടു. ഉത്തര കൊറിയയുടെ ഈ നടപടി പ്രകോപനപരമാണെന്ന് വിശേഷിപ്പിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജേ മ്യുങ് അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തു.

റഷ്യയുടെ സഹായത്തോടെ ഉത്തര കൊറിയ തങ്ങളുടെ നാവികസേനയെയും മിസൈൽ സാങ്കേതികവിദ്യയെയും അതിവേഗം നവീകരിക്കുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിന് പകരമായി അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ അമേരിക്കയുമായി ചേർന്ന് ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഏതൊരു പ്രകോപനത്തിനും കനത്ത മറുപടി നൽകുമെന്നും ദക്ഷിണ കൊറിയൻ സൈന്യം മുന്നറിയിപ്പ് നൽകി.

Latest from Blog

error: Content is protected !!