ന്യൂഡൽഹി> ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രം സൂപ്പർവൈസർമാരായി നിയമിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ ഇടപെടാൻ ഇടപെടാൻ വിസമ്മതിച്ചു. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു.
മേയ് 4ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യംചെയ്താണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്. തുടർന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയം അടിയന്തരമായി പരിഗണിക്കാനായി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാൻഡ്ബുക്കിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളിൽ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. വോട്ടെണ്ണൽ മേശകളിൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകും. ഇത് ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും തൃണമൂൽ കോൺഗ്രസ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.