എണ്ണക്കമ്പനികളുടെ കണക്കുപ്രകാരം കേരളത്തിലുള്ളത് ഒരുകോടിയോളം എൽപിജി ഉപഭോക്താക്കൾ.പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് കീഴിൽ മാത്രം മൂന്നുലക്ഷത്തോളം പേരുണ്ട്. അതുകൊണ്ടുതന്നെ ഗാർഹിക സിലിണ്ടറിന് വില വർദ്ധിച്ചാൽ അത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും. എന്നാൽ വില വരും നാളുകളിൽ കൂടുന്നതിന് പകരം കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിന് കൃത്യമായ കാരണവുമുണ്ട്.
കൂടുതൽ ഇറക്കുമതി
അമേരിക്കയിൽ നിന്ന് ദീർഘകാലത്തേക്ക് ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ ഇന്ത്യ ആലോചിക്കുന്നതായാണ് സൂചന. ബ്ലൂംബെർഗിന് ലഭിച്ച ടെൻഡർ രേഖ പ്രകാരം, 2026 ഓടെ അമേരിക്കയിൽ നിന്ന് ഏറ്റവും വലിയ മൂന്ന് എൽപിജി കാരിയറുകളെ ഏറ്റെടുക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
മൂന്ന് കമ്പനികളും സംയുക്തമായി 331 ദശലക്ഷത്തിലധികം ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ 60% ത്തിലധികം വാതകവും ഇറക്കുമതി ചെയ്യുന്നതാണ്. സൗദി അറേബ്യ പോലുള്ള മിഡിൽ ഈസ്റ്റേൺ വിതരണക്കാരുമായി ഇന്ത്യയ്ക്ക് ദീർഘകാല കരാറുകളുണ്ടെങ്കിലും യുഎസുമായുള്ള കരാർ സംഭവിച്ചാൽ അത് വലിയ നേട്ടമാണ്.
യുഎസ്-ചൈന വ്യാപാര യുദ്ധം ആഗോളതലത്തിൽ പാചക വാതകത്തിന്റെയും പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്കുകളുടെയും വിതരണത്തെ തടസ്സപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനികളുടെ പുതിയ നീക്കം. യുഎസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്ന ചൈന, മിഡിൽ ഈസ്റ്റേൺ വിതരണക്കാരിലേക്ക് തിരിഞ്ഞു. ഇത് ഇന്ത്യയ്ക്ക് യുഎസിൽ നിന്ന് സ്ഥിരമായ കയറ്റുമതി നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നു. മിഡിൽ ഈസ്റ്റേൺ ഉൽപ്പാദകർ പ്രത്യേകിച്ച് സൗദി അറേബ്യ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനായി എൽപിജി വില കുറയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ അനുകൂലമായ വിലനിർണ്ണയത്തിലേക്ക് നയിച്ചേക്കാമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
യുഎസിൽ നിന്നുള്ള മതിയായ വിതരണവും തുടർച്ചയായ ഇറക്കുമതിയും ഉണ്ടെങ്കിൽ, ഇന്ത്യയിലെ എൽപിജി വില സ്ഥിരമായി തുടരുമെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. യുഎസിൽ നിന്നുള്ള ഒരു ദീർഘകാല വിതരണ കരാർ ഉയർന്നതും തടസ്സമില്ലാത്തതുമായ ഇറക്കുമതി ഉറപ്പാക്കും, ഇത് ആഭ്യന്തര ഉപയോക്താക്കൾക്ക് വില സ്ഥിരത നിലനിർത്താൻ സഹായിക്കും. അതേസമയം രൂപയുടെ ഏറ്റക്കുറച്ചിലുകൾ, അന്താരാഷ്ട്ര താരിഫുകൾ, വിശാലമായ വിപണി സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിലകളെ സ്വാധീനിച്ചേക്കാം. എന്നിരുന്നാലും, ഉയർന്നുവരുന്ന യുഎസ്-എൽപിജി കരാർ വിലക്കയറ്റത്തെ പിടിച്ച് നിർത്തും. അങ്ങനെ സംഭവിച്ചാൽ എല്ലാവരും ഡബിൾ ഹാപ്പി.