കൊച്ചി> NBFC കളുടെ തട്ടിപ്പുകൾ തുടർക്കഥയാവുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു പറ്റം NBFC കൾ കൊള്ളസംഘങ്ങളായി മാറുന്ന കാഴ്ച്ച. കൊള്ളപ്പലിശക്ക് പുറമെ മോഹന വാഗ്ദാനങ്ങൾ നൽകി ഒരു ഗ്യാരണ്ടിയുമില്ലാത്ത കടപ്പത്രങ്ങൾ നിക്ഷേപകരെ കെട്ടിയേൽപിക്കുന്നു. നിക്ഷേപം കുന്നുകൂടി കഴിയുമ്പോൾ കളി മാറും. പല കമ്പനി ഉടമകളുടെയും ലക്ഷ്യം നിക്ഷേപങ്ങൾ വകമാറ്റി ബിനാമി പേരുകളിൽ സ്വത്തുക്കൾ സമ്പാദിക്കുക എന്നത് മാത്രം. മറ്റു പല ബിസിനസുകളിലേക്കും പണം മാറ്റും.
കേരളത്തിൽ ഈ അടുത്ത കാലത്ത് തകർന്ന പോപ്പുലർ ഫിനാൻസടക്കമുള്ളവയിൽ കണ്ടത് ഇത് തന്നെയാണ്.
നിയന്ത്രിക്കാനാളില്ലാതെ കൊള്ളപ്പലിശക്കാർ വിലസുന്നു
സ്വർണ്ണപ്പണയമാണ് മിക്കവാറും NBFCകളുടെ പ്രധാന ബിസിനസ്. പിന്നെയുള്ളത് മൈക്രോ ഫിനാൻസാണ്. മൈക്രോ ഫിനാൻസ് ലോണുകളുടെ പലിശ നിരക്കുകൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും, സ്വർണ്ണപ്പണയത്തിൻ്റെ പലിശനിരക്കുകൾക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളുമില്ല. തോന്നിയ പലിശ വാങ്ങാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 38% വരെ സ്വർണ്ണപ്പണയത്തിന് പലിശ വാങ്ങുന്ന NBFC കളുണ്ട് കേരളത്തിൽ. ബ്ലെയ്ഡ് പലിശക്കാരെയും നാണിപ്പിക്കുന്ന കൊള്ളപ്പലിശക്കാർ. ഷെഡ്യൂൾഡ് ബാങ്കുകളിലും സഹകരണ സംഘങ്ങളിലും 7% മുതൽ 12.5% വരെയാണ് പരമാവധി പലിശ. ഈ സമയത്താണ് NBFC കൾ 38% വരെ പലിശ വാങ്ങുന്നത്. ഇതിനിടയിൽ ചില വിരുതൻമാർ ഉടമയറിയാതെ പണയസ്വർണ്ണം വിൽക്കും. പണയ പണ്ടം തിരിച്ചെടുക്കാൻ ചെല്ലുമ്പോഴാണ് പലരും തങ്ങളുടെ സ്വർണ്ണം വിറ്റ കാര്യം അറിയുന്നത്.
NCD വഴി കൊയ്യുന്ന കോടികൾ കൊണ്ട് കുടുംബം സ്വന്തം ഭദ്രമാക്കുന്ന കമ്പനി ഉടമകൾ
NCD എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കടപ്പത്രങ്ങൾ വഴി നിക്ഷേപകരുടെ പോക്കറ്റടിക്കുന്ന NBFC കളുടെ എണ്ണം കൂടി വരികയാണ്. കോടികൾ മുടക്കി മുന്തിയ താരങ്ങളെ വച്ച് പരസ്യം ചെയ്താണ് ഇക്കൂട്ടർ നിക്ഷേപകരെ ചാക്കിലാക്കുന്നത്. നല്ല നിലയിൽ
പ്രവർത്തിക്കുന്ന ചുരുക്കം ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഒഴിച്ചു നിർത്തിയാൽ പലരുടെയും ലക്ഷ്യം നിക്ഷേപകരെ കൊള്ളയടിക്കുകയെന്നതാണ്. ചോര കുടിക്കാൻ കൊതിക്കുന്ന ദ്യംഷ്ടകൾ ഒളിപ്പിച്ച് വച്ചാണ് പലരും യാതൊരു ഗ്യാരണ്ടിയുമില്ലാത്ത കടപ്പത്രങ്ങൾ തേൻ പുരട്ടി നിക്ഷേപകർക്ക് മുന്നിലേക്ക് വക്കുന്നത്.
റിസർവ്വ് ബാങ്കിൻ്റെയും സെബിയുടെയും മുന്നറിയിപ്പുകൾ NCD കളുടെ പരസ്യങ്ങളിൽ ഒളിപ്പിച്ചു വച്ചാണ് ഇവർ നിക്ഷേപകരെ കബളിപ്പിക്കുന്നത്. RBl ക്കോ SEBl ക്കോ NCD കളുടെ കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്ന വിവരം കമ്പനികൾ അവരുടെ പരസ്യത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരും വായിക്കരുതെന്ന ഉദ്ദേശത്തിൽ വളരെ ചെറിയ അക്ഷരത്തിലാണെന്മാത്രം. മാത്രമല്ല NBFC കൾ തങ്ങൾ കൈ കഴുകി രക്ഷപെടാനുള്ള എല്ലാ മാർഗ്ഗങ്ങളും ഇക്കൂട്ടത്തിൽ എഴുതിച്ചേർക്കും. ഇവ വായിച്ചെടുക്കാൻ പറ്റിയ ഭൂതക്കണ്ണാടി ഇന്ന് ലോകത്ത് തന്നെ ലഭ്യമാണോയെന്നറിയില്ല. ഇത് വായിച്ചു മനസിലാക്കിയവർ NCD വാങ്ങാൻ യാതൊരു സാധ്യതയുമില്ല. കമ്പനിയുടെ ലാഭനഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കും NCD യുടെ പണം നിക്ഷേപകന് തിരികെ ലഭിക്കുക എന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി നഷ്ടത്തിലായാൽ നിക്ഷേപകൻ്റെ പണം നഷ്ടമാകാനാണ് സാധ്യത. കൃത്യമായി പറഞ്ഞാൽ NCD കൾ വഴി നിക്ഷേപിക്കുന്ന പണത്തിൻ്റെ ഉത്തരവാദിത്വം നിക്ഷേപകന് മാത്രമായിരിക്കും.
മുക്കുപണ്ടം വഴി കമ്പനിയിൽ നിന്ന് പണം കടത്തുന്ന NBFC മുതലാളിമാർ
സ്വന്തം കമ്പനിയിൽ മുക്കു പണയം വച്ച് നിക്ഷേപകരുടെ പണം കമ്പനിക്ക് പുറത്തേക്ക് കടത്തുന്നവർ ഇന്ന് കൂടി വരികയാണ്. ടൺ കണക്കിന് മുക്കുപണ്ടങ്ങളാണ് ഇന്ന് പല NBFC കളുടെയും ബ്രാഞ്ചുകളിൽ പണയപ്പണ്ടമായി ഇരിക്കുന്നത്. സ്വണ്ണപ്പണയം പെരുപ്പിച്ച് കാണിച്ച് റേറ്റിംഗ് കൂട്ടാനും നിക്ഷേപം കമ്പനിക്ക് പുറത്തേക്ക് കടത്താനുമാണ് ഇവർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. പല കമ്പനികളും ഇറക്കുന്ന NCD കളുടെയും ഗ്യാരണ്ടി ഈ മുക്കുപണ്ടങ്ങളാണ്. ഇത്തരത്തിലുള്ള മുക്കുപണ്ട പണയങ്ങൾ കാണിച്ചാണ് പല NBFC കളും ഷെഡ്യൂൾഡ് ബാങ്കിൽ നിന്ന് ലോണെടുക്കുന്നതും റേറ്റിംഗ് കൂട്ടി NCD കൾ ഇറക്കുന്നതും. മാത്രമല്ല ചില NBFC കൾ ഇത്തരം മുക്കുപണ്ടങ്ങൾ ലേലം ചെയ്യുന്ന സ്വർണ്ണത്തിൽ ചേർത്ത് ബിഡർമാരെ കബളിപ്പിക്കുന്നതായും പരാതി ഉയരുന്നുണ്ട്. കോട്ടയത്തെ ഒരു പ്രമുഖ NBFC മുതലാളിയുടെ സ്ഥിരം പരിപാടി ഇത് തന്നെയാണ്. മുക്കുപണ്ട പണയം വഴി നിക്ഷേപകരുടെ പണം കമ്പനിക്ക് പുറത്തെത്തിച്ച് ബാർ ഹോട്ടൽ, റിയൽ എസ്റേററ്റ് ബിസിനസുകളിൽ മുടക്കുകയാണ് പലരും. ഇത്തരം മുതലാളിമാർ ഉള്ളപ്പോൾ കമ്പനി തകരാൻ മറ്റൊന്നും അവശ്യമില്ല.
ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന പണത്തിൻ്റെ ഉത്തരവാദിത്വം നിക്ഷേപകന് മാത്രമാണെന്ന് വ്യക്തമാവുകയാണ്. പണം നഷ്ടപെടാതിരിക്കാനുള്ള ഏക മാർഗ്ഗം വിവേകത്തോടെയും ജാഗ്രതയോടെയും നിക്ഷേപം നടത്തുക എന്നത് മാത്രമാണ്.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.