റെയിൽവേ 37 വർഷംമുൻപ് പിരിച്ചുവിട്ട ടിടിഇയെ മരണശേഷം ‘തിരിച്ചെടുത്ത്’ സുപ്രീംകോടതി - Kerala Times    

റെയിൽവേ 37 വർഷംമുൻപ് പിരിച്ചുവിട്ട ടിടിഇയെ മരണശേഷം ‘തിരിച്ചെടുത്ത്’ സുപ്രീംകോടതി

October 29, 2025
SCI banner

ദില്ലി >  കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള കുറ്റത്തിന് 37 വർഷംമുൻപ് ടിടിഇയെ (ടിക്കറ്റ് പരിശോധകൻ) പിരിച്ചുവിട്ട റെയിൽവേ നടപടി സുപ്രീംകോടതി റദ്ദാക്കി. നീണ്ട വ്യവഹാരങ്ങൾക്കിടെ മരിച്ചുപോയ ഉദ്യോഗസ്ഥന് അർഹമായ പെൻഷൻ ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും നിയമപരമായ അവകാശികൾക്ക് മൂന്നുമാസത്തിനകം നൽകാനും ഉത്തരവിട്ടു.

1988-ൽ ദാദർ-നാഗ്പുർ എക്സ്പ്രസിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിലാണ് ടിടിഇ വി.എം. സൗദാഗറിനെ പിടികൂടിയത്. യാത്രക്കാരിൽനിന്ന് കൈക്കൂലി വാങ്ങി, ഡ്യൂട്ടി പാസുകൾ വ്യാജമായി സൃഷ്ടിച്ചു തുടങ്ങിയ കുറ്റത്തിന് 1996-ൽ സൗദാഗറിനെ പിരിച്ചുവിട്ടു. എന്നാൽ, പിരിച്ചുവിടാനുള്ള റെയിൽവേയുടെ ഉത്തരവ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ 2002-ൽ റദ്ദാക്കി.

ഇതിനെതിരേ റെയിൽവേ നൽകിയ അപ്പീലിൽ ട്രിബ്യൂണലിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് റദ്ദാക്കി. ഹൈക്കോടതി നടപടി ചോദ്യംചെയ്താണ് സൗദാഗർ 2019-ൽ സുപ്രീംകോടതിയെ സമീപിച്ചത്. ട്രിബ്യൂണൽ നടപടി ശരിവെച്ച സുപ്രീംകോടതി, ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. ഉദ്യോഗസ്ഥനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ സാക്ഷികളെ ക്രോസ്‌വിസ്താരം നടത്താൻ ഉദ്യോഗസ്ഥന് അവസരം നൽകിയില്ലെന്നതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Latest from Blog

error: Content is protected !!