തൃശ്ശൂർ> 1957-ല്‍ വിദ്യാഭ്യാസബില്ലിനെതിരേ നടത്തിയ സമരത്തിന് സമാനമായ ശക്തമായ പോരാട്ടത്തിന് സമയമായെന്ന് തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്ക സഭ’യുടെ മുഖപ്രസംഗം. നവംബര്‍ ലക്കം മുഖപ്രസംഗത്തിലാണ് പള്ളുരുത്തി സ്കൂള്‍ യൂണിഫോം വിഷയത്തില്‍ സര്‍ക്കാര്‍ വര്‍ഗീയത കളിക്കുകയായിരുന്നുവെന്നതടക്കമുള്ള കടുത്ത വിമര്ശനങ്ങളുള്ളത്. തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടക്കുന്ന സമുദായജാഗ്രതാസദസ്സില് പങ്കാളികളായി നീതിക്കുവേണ്ടിയുള്ള പോരാട്ടവീര്യം പ്രകടിപ്പിക്കണമെന്നും മുഖപ്രസംഗം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു.
‘1957-ല്‍ വിദ്യാഭ്യാസബില്ലിനെതിരേ പോരാടിയപോലെ, 1972-ല്‍ കോളേജ് ദേശസാത്കരണത്തിനെതിരേ പോരാടിയപോലെ, 2007-ല്‍ കേരള ക്രൈസ്തവര്‍ ന്യൂനപക്ഷസമുദായമല്ല എന്നു നിര്‍വചിക്കാന്‍ നടത്തിയ ശ്രമത്തിനെതിരേ പോരാടിയപോലെ ശക്തമായ പോരാട്ടത്തിന് വീണ്ടും സമയമായിരിക്കുന്നു’ എന്നാണ് മുഖപ്രസംഗം പറയുന്നത്.
ഈ ലക്കത്തിലെ മുഖ്യലേഖനത്തിലും സമുദായത്തെ അവഗണിക്കുന്നവരെ തിരിച്ചറിയണം, വോട്ടാണ് പാഴാക്കരുത് എന്നും വിശ്വാസികളോട് പറയുന്നു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ (സിബിസിഐ) അധ്യക്ഷനായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആര്‍ച്ച് ബിഷപ്പായ തൃശ്ശൂര്‍ അതിരൂപതയാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ പരസ്യ രാഷ്ട്രീയനിലപാട് എടുത്തേക്കുമെന്ന സൂചന നല്‍കുന്നത്. കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് സര്‍ക്കാരില്‍നിന്ന് നാളുകളായി അവഗണന മാത്രമെന്നാണു മുഖപ്രസംഗം പറയുന്നത്.
ജെ.പി. കോശി കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടരവര്‍ഷമായിട്ടും അത് പ്രസിദ്ധീകരിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ന്യൂനപക്ഷവിഭാഗത്തിന് നല്കുന്ന സ്കോളര്‍ഷിപ്പുകളിലും വിവേചനമുണ്ട്. ഇഡബ്ല്യുഎസ് സംവരണാനുകൂല്യത്തിന്റെ ഗുണഫലം സമുദായത്തിന് ലഭിക്കുന്നില്ല. വന്യമൃഗശല്യവും തെറ്റായ വനം പരിസ്ഥിതി നിയമവും കാരണം ക്രൈസ്തവരുടെ ജീവിതവഴി അടയുന്നു. ഭിന്നശേഷി സംവരണവിഷയത്തില്‍ തുടക്കംമുതല്‍ സര്‍ക്കാര്‍ ക്രൈസ്തവ മാനേജ്മെന്റുകളെ അവഗണിക്കുകയാണ് തുടങ്ങിയ വിമര്‍ശനങ്ങളും മുഖപ്രസംഗം ഉന്നയിക്കുന്നു.
കോണ്‍ഗ്രസിനും വിമര്‍ശനം
മുസ്ലിം പ്രീണനക്കാര്യത്തില് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. മുനമ്പത്തെ കണ്ണീരുകാണാന്‍ കോണ്‍ഗ്രസുകാര്‍ക്കും സമയമില്ല. വഖഫ് ഭേദഗതി ബില്ലിനെ തള്ളാതെ ചില വ്യവസ്ഥകള്‍ മാത്രം സ്റ്റേ ചെയ്ത സുപ്രീംകോടതിവിധിയെ അംഗീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് മടിയാണ്. നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് പറയുന്നത് എന്തുകൊണ്ടാണെന്ന് പകല്‍പോലെ യാഥാര്‍ഥ്യം. സമുദായം അംഗസംഖ്യകൊണ്ട് ശക്തമല്ലാതായതോടെ ഇരുമുന്നണികളും തുടരുന്ന അവഗണന വിശ്വാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖപ്രസംഗം പറയുന്നു.
