കൊച്ചി : Non Banking Finance Company (NBFC) കളുടെ തട്ടിപ്പ് കേരളത്തില്‍ കടൽ പോലെ വ്യാപിച്ചുവരികയാണ്. തിരിച്ചു കൊടുക്കുവാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടാണ് പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കടപ്പത്രങ്ങളിലൂടെ (NCD) നിക്ഷേപം വാങ്ങിക്കൂട്ടുന്നത്. ബോധപൂർവ്വമായ ചതി തന്നെയാണ് പല കമ്പനികളുടെയും ലക്ഷ്യം. ഒരു കമ്പനിക്ക് ബിസിനസ്സ് വളര്‍ത്തുവാന്‍ കൂടുതല്‍ പണം ആവശ്യമായി വന്നാല്‍ അത് കടപ്പത്രത്തിലൂടെ സമാഹരിക്കാം. തികച്ചും നല്ല ഉദ്ദേശ്യത്തോടെയാണ് ഈ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുള്ളത്. എന്നാല്‍ ഇന്ന് NCD യുടെ പേരില്‍ ചിലര്‍ നടത്തുന്നത് വന്‍ നിക്ഷേപ തട്ടിപ്പാണ്. മുന്‍നിര പത്രക്കാര്‍ക്കും ചാനലുകള്‍ക്കും കോടികള്‍ വാരിയെറിഞ്ഞുകൊണ്ടാണ് ഇവര്‍ നിക്ഷേപ തട്ടിപ്പിന് കളമൊരുക്കുന്നത്. ഇതെല്ലാം നിക്ഷേപകരുടെ പണമാണ്. അതുകൊണ്ടുതന്നെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ തട്ടിപ്പ് സംബന്ധിച്ച ഒരു വാര്‍ത്തയും വെളിച്ചം കാണാറില്ല, ഇവര്‍ ജനങ്ങളെ അറിയിക്കാറില്ല. തട്ടിപ്പുകൾ പുറത്ത് കൊണ്ടുവരുന്ന ഓൺലൈൻ മാധ്യമങ്ങളെ കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കാനും ഒരു കൂട്ടം മാധ്യമ ഭീമൻമാരും പത്രമുതലാളിമാരും രംഗത്തുണ്ട്. തീരെ നിവൃത്തിയില്ലാതെ വരുമ്പോള്‍ ഇവർ ഒരു ചെറിയ കോളം വാര്‍ത്തയില്‍ പല വമ്പന്‍ തട്ടിപ്പുകളും ഒതുക്കും.
കടലാസിലെ ചതി
പണം നിക്ഷേപിക്കുമ്പോള്‍ ഒപ്പിട്ടുകൊടുക്കുന്നത് ഏതൊക്കെ പേപ്പറില്‍, എന്തൊക്കെയാണെന്ന് നിക്ഷേപകര്‍ ആരും നോക്കാറില്ല. എല്ലാ നിബന്ധനകളും സസൂഷ്മം വായിച്ചു മനസ്സിലാക്കിയതിനുശേഷം വേണം NCD മുഖേന പണം നിക്ഷേപിക്കാൻ, അതും നിക്ഷേപകന്റെ സ്വന്തം വിശ്വാസത്തിലും ഉത്തരവാദിത്തത്തിലും മാത്രം. നിക്ഷേപം നടത്തുമ്പോഴും സ്വർണ്ണം പണയം വക്കുമ്പോഴുമൊക്ക ഒപ്പിട്ടു നൽകുന്ന കടലാസുകളിൽ ഒളിഞ്ഞിരിക്കുന്ന ചതി വായിച്ചെടുക്കാൻ ഭൂതക്കണ്ണാടി പോരാതെ വരും. ഇത്തരം കമ്പനികളിൽ ഇടപാട് നടത്തുന്നവർ ഭൂതക്കണ്ണാടി കൈയ്യിൽ കരുതണമെന്ന നിയമം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിനോ സെബിക്കോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയില്ല. ഇക്കാര്യം ഇവര്‍ വളരെ വ്യക്തമായി ജനങ്ങളെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ സെബിയുടെയും റിസർവ്വ് ബാങ്കിൻ്റെയും പേര് പറഞ്ഞാണ് പല NBFC കളും ചതിക്കുഴിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. നിക്ഷേപകനെ പറ്റിക്കുന്നതില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുകയാണ്. NCD യുടെ കാലാവധി കഴിഞ്ഞാലും പലര്‍ക്കും മുതലും പലിശയും ലഭിക്കാറില്ല. നിക്ഷേപകന്റെ അനുവാദമില്ലാതെയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിച്ചും NCD കള്‍ പുതുക്കി വീണ്ടും നിക്ഷേപമാക്കും. തിരികെ നല്‍കുവാന്‍ പണമില്ലാത്തതുകൊണ്ടാണ് ഈ നടപടി. ചിലരാകട്ടെ വാങ്ങുന്ന നിക്ഷേപം മറ്റു പല കടലാസ് കമ്പിനികളിലേക്കും മാറ്റും. ക്രമേണ ആ കമ്പനി നഷ്ടത്തില്‍ പോകുകയും പൂട്ടുകയും ചെയ്യും.
മുത്തൂറ്റ് ഫിനാന്‍സിലെ ഇടപാടുകാര്‍ക്ക് പറ്റിയത് ഇതാണ്. പതിറ്റാണ്ടുകളായി മുത്തൂറ്റ് ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരാണ് പെട്ടെന്നൊരു ദിവസം കബളിപ്പിക്കപ്പെട്ടത്. നിക്ഷേപം പുതുക്കി ഇട്ടപ്പോള്‍ കല്‍ക്കട്ട ആസ്ഥാനമായ SREI EQUIPMENT FINANCE LTD എന്ന കമ്പനിയിലേക്ക് മാറ്റി. ഇക്കാര്യം നിക്ഷേപകര്‍ അറിഞ്ഞിരുന്നില്ല. കാലാവധി പൂര്‍ത്തിയായ NCD യുടെ പണം ചോദിച്ചപ്പോള്‍ മുത്തൂറ്റ് കയ്യൊഴിഞ്ഞു. നിങ്ങള്‍ പണം നിക്ഷേപിച്ചത് SREI എന്ന കമ്പനിയില്‍ ആണെന്നും തങ്ങള്‍ക്കറിയില്ലെന്നും മുത്തൂറ്റ് പറഞ്ഞു. കല്‍ക്കട്ടയിലെ SREI കമ്പനി ഇപ്പോൾ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്മിനിസ്ട്രേറ്റർ കൺട്രോളിൽ ആണ്. നിക്ഷേപകര്‍ക്ക് ഇപ്പോഴും പണം ലഭിച്ചിട്ടില്ല. 5 % കമ്മീഷന്‍ കൃത്യമായി ലഭിക്കുന്നതിനാല്‍ നിക്ഷേപകനെ ചിരിച്ചു മയക്കി പോക്കറ്റടിക്കാന്‍ മുമ്പില്‍ നില്‍ക്കുന്നത് ജീവനക്കാരാണ്.
ബഡ്സ് ആക്ട്
പുതിയ ബഡ്സ് നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലായത്തോടെ, നിക്ഷേപ തട്ടിപ്പ് നടന്നാല്‍ പണമിടപാട് സ്ഥാപന ഉടമകള്‍ മാത്രമല്ല ജീവനക്കാരും പ്രതികളാകും. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം നിക്ഷേപകരെ സഹായിക്കുവാന്‍ ഉള്ളതാണ്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇത് സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നില്ല. പോപ്പുലര്‍ ഫിനാന്‍സ് കേസോടെയാണ് കേരളത്തില്‍ ബഡ്സ് ആക്ട് നടപ്പിലാക്കിയത്. ഇതിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചത് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനാണ്. ഹൈക്കോടതി ഉത്തരവിലൂടെയാണ് കേരളത്തില്‍ ബഡ്സ് ആക്ട് നടപ്പിലാക്കിയത്. എന്നാൽ പലപ്പോഴും ഇവിടെയും ചില അട്ടിമറികൾ നടക്കാറുണ്ട്. സീനിയര്‍ ഐ.എ.എസ്. ഒഫീസറായ സഞ്ജയ് കൌള്‍ ആയിരുന്നു കേരളത്തിലെ ആദ്യ കോമ്പിറ്റന്റ് അതോറിറ്റി. ഇപ്പോള്‍ ബിശ്വനാദ് സിന്‍ഹയാണ് ഈ പദവിയില്‍.
ബഡ്സ് ആക്ടിൽ ജീവനക്കാരും കുടുങ്ങും
സാമ്പത്തിക കുറ്റകൃത്യത്തിലാണ് ബഡ്സ് ആക്ട് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് നിക്ഷേപ തട്ടിപ്പ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ സ്ഥാപനത്തിന്റെ ഉടമകളോടൊപ്പം ഈ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുവാന്‍ പ്രാലോഭിപ്പിച്ചവരും കുറ്റവാളികളാണ്. കോമ്പിറ്റന്റ് അതോറിറ്റി ഇവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്യുകയും ഇങ്ങനെ കിട്ടുന്ന തുക പ്രത്യേക അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ ചില ജീവനക്കാരും പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്യുകയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ഇവരും നിക്ഷേപ തട്ടിപ്പില്‍ പങ്കാളികളാകും. പ്രതികളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ക്രയവിക്രയങ്ങള്‍ പരിശോധിക്കുകയും സ്വത്തുവകകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ അവ റദ്ദ് ചെയ്യുകയും ചെയ്യും. അതായത് നിക്ഷേപ തട്ടിപ്പിന് മുന്നോടിയായി പ്രതികള്‍ തങ്ങളുടെ സ്വത്തുവകകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെങ്കില്‍ അവ അസാധുവാകും. അതുകൊണ്ടുതന്നെ പലരും തങ്ങളുടെ സ്വത്തുക്കള്‍ ബിനാമി പേരുകളിലേക്ക് മാറ്റിക്കഴിഞ്ഞു
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.