അധ്യാപകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ഗൂഗിൾ പേ വഴിയും കൈക്കൂലി; വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട് - Kerala Times    

അധ്യാപകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ഗൂഗിൾ പേ വഴിയും കൈക്കൂലി; വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

November 21, 2025
117094517

തിരുവനന്തപുരം> സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റി. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്‌കൂളുകളിലെ ക്ലര്‍ക്കുമാരുടെ അക്കൗണ്ടില്‍നിന്ന് 77,500 രൂപ ലഭിച്ചതിന്റെ തെളിവാണ് വിജിലന്‍സ് കണ്ടെത്തിയത്. ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി എത്തിയത് 1,40,000 രൂപ.

തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്‌കൂളില്‍ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചു. മലപ്പുറം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനില്‍നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. ഇതുകൂടാതെ 20,500 രൂപയുടെ ഇടപാടുകളും കണ്ടെത്തി. തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലെ എയ്ഡഡ് സ്‌കൂളില്‍ അധ്യാപക തസ്തിക നലനിര്‍ത്താന്‍ അവിടെയില്ലാത്ത മൂന്നുകുട്ടികള്‍ക്ക് പ്രവേശനം എടുത്തതായി കാണിച്ച് ഹാജര്‍ അനുവദിച്ചു. ഇതില്‍ ഒരു കുട്ടി കേന്ദ്രീയവിദ്യാലയത്തില്‍ പഠിക്കുകയാണ്. തലശ്ശേരി വിദ്യാഭ്യാസ ഓഫീസിനു കീഴിലെ എയ്ഡഡ് സ്‌കൂളില്‍ സമാനരീതിയില്‍ ഒരു ക്ലാസില്‍ 28 കുട്ടികള്‍ പഠിക്കുന്നതായി കാണിച്ച് ഹാജര്‍ അനുവദിച്ചിരുന്നു. പരിശോധനയില്‍ ഈ ക്ലാസില്‍ ഒന്‍പത് കുട്ടികള്‍ മാത്രമാണുള്ളതെന്നും പുറമേയുള്ള 19 കുട്ടികള്‍ പ്രവേശനം നേടിയതായി കാണിച്ച് ഹാജര്‍ നല്‍കുകയായിരുന്നെന്നും കണ്ടെത്തി.

നടപടിയുണ്ടാകുമെന്ന് മന്ത്രി ശിവന്‍കുട്ടി

വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പേരുള്ളതോ, തെളിവ് ലഭിച്ചതോ ആയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ കര്‍ശനനടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വകുപ്പുതലത്തില്‍ അടിയന്തര ആഭ്യന്തര അന്വേഷണസമിതി രൂപവത്കരിക്കുമെന്നും അറിയിച്ചു.

Latest from Blog

error: Content is protected !!