പത്തനംതിട്ട> കോന്നി നിയമസഭാ മണ്ഡലം തിരികെ പിടിച്ചെടുക്കുവാന്‍ അടൂര്‍ പ്രകാശ് അവിടെ മത്സരിച്ചെങ്കില്‍ മാത്രമേ കഴിയൂ. എം.പിമാര്‍ മത്സരിക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ഇതുവരെ എ.ഐ.സി.സി നേത്രുത്വം. സ്ഥാനാര്‍ഥി പ്രഖ്യാപനം ആകുമ്പോള്‍ ഇതിന് മാറ്റമുണ്ടാകുമെന്നുതന്നെയാണ് കോന്നിയിലെ ജനങ്ങളുടെയും യു.ഡി.എഫ് പ്രവര്‍ത്തകരുടെയും പ്രതീക്ഷ. കോന്നി എം.എല്‍.എ ആയിരുന്നപ്പോള്‍ പാര്‍ട്ടി പറഞ്ഞതനുസരിച്ചാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അടൂര്‍ പ്രകാശ് തയ്യാറായത്. എം.പി സ്ഥാനം മോഹിച്ച് ആറ്റിങ്ങലില്‍ മത്സരിക്കുകയായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഒരു തിരിച്ചുവരവ് കോന്നിയിലെ ജനങ്ങളും അടൂര്‍ പ്രകാശും ആഗ്രഹിക്കുന്നു.
കോന്നിയില്‍ അടൂര്‍ പ്രകാശ് വിജയിക്കുന്നതുകൊണ്ട് ഇതൊരു ഉറച്ച യു.ഡി.എഫ് മണ്ഡലമാണെന്നും ഇവിടെ ആര് മത്സരിച്ചാലും ഈസിയായി ജയിച്ചു കയറാമെന്നുമുള്ള കണക്കുകൂട്ടലുകള്‍ തികച്ചും തെറ്റാണ്. മണ്ഡലത്തിലെ ഈഴവ വോട്ടുകളുടെയും ഹിന്ദു വോട്ടുകളുടെയും ക്രിസ്ത്യന്‍ വോട്ടുകളുടെയും കണക്കുകള്‍ നിരത്തിയാണ് പലരും ഇവിടെ വിജയം സ്വപ്നം കാണുന്നത്. അടൂര്‍ പ്രകാശ് കോന്നിയില്‍ വിജയിക്കുന്നത് ഇടതുപക്ഷത്തെ വോട്ടുകള്‍കൂടി ലഭിക്കുന്നതുകൊണ്ടുമാത്രമാണെന്ന സത്യം വിസ്മരിച്ചുകൊണ്ടാണ് പലരും കോന്നിയില്‍ സ്ഥാനാര്‍ഥിയാകുവാന്‍ ശ്രമിക്കുന്നത്.
അടൂര്‍ പ്രകാശ് കോന്നിയില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ വളരെ വലുതാണ്. കൂടാതെ സി.പി.ഐ നേതാവിന്റെ മകന്‍ ആയതിനാല്‍ രാഷ്ട്രീയത്തിന് അതീതമായി ആ പരിഗണനയും വോട്ടുകളായി മാറുന്നു. കോന്നിയില്‍ യു.ഡി.എഫിന്റെ വിജയത്തെ പ്രധാനമായും സ്വാധീനിക്കുന്നത് അടൂര്‍ പ്രകാശിന് ലഭിക്കുന്ന സി.പി.ഐ, സി.പി.എം വോട്ടുകളാണ്. ഈ വോട്ടുകള്‍ അടൂര്‍ പ്രകാശ് മത്സരരംഗത്ത് ഉണ്ടെങ്കില്‍ മാത്രമേ ലഭിക്കുകയുള്ളൂ. സ്ഥാനാര്‍ഥി മറ്റൊരാള്‍ ആണെങ്കില്‍ ഈ വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ വിജയം കോന്നിയില്‍ അത്ര എളുപ്പമാവില്ല.
അടൂര്‍ പ്രകാശിന് മത്സരിക്കുവാന്‍ സാഹചര്യം ഒരുങ്ങുന്നില്ലെങ്കില്‍ അവിടെ റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥിയാക്കുകയാണ് ഏറ്റവും ഉചിതം. കഴിഞ്ഞതവണ കോന്നിയില്‍ മത്സരരംഗത്ത് ഉണ്ടായിരുന്ന ആളാണ് അടൂര്‍ പ്രകാശിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയായ റോബിന്‍ പീറ്റര്‍. കോന്നി പ്രമാടം സ്വദേശിയായ റോബിന്‍ പീറ്റര്‍ മണ്ഡലത്തിലെ പൊതുരംഗത്ത് വളരെ സജീവമാണ്. നിലവില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ്.
