'എന്നോട് കളിക്കാൻ നിൽക്കേണ്ട': സുപ്രീം കോടതി വിധിക്കെതിരെ ട്രംപ്, പിന്നാലെ പുതിയ താരിഫ് ഭീഷണിയും - Kerala Times    

‘എന്നോട് കളിക്കാൻ നിൽക്കേണ്ട’: സുപ്രീം കോടതി വിധിക്കെതിരെ ട്രംപ്, പിന്നാലെ പുതിയ താരിഫ് ഭീഷണിയും

February 24, 2026
file 00000000d9647206a5f769631ac1f9f1

വാഷിങ്ടൺ> യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ, ലോകരാജ്യങ്ങൾക്ക് വീണ്ടും താക്കീതുമായി ട്രംപ്. അമേരിക്കയോട് ‘കളിക്കാൻ’ നിൽക്കുന്ന രാജ്യങ്ങൾക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന താരിഫും അതിലും മോശമായ സാഹചര്യങ്ങളും നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വർഷങ്ങളായി അമേരിക്കയെ ചൂഷണംചെയ്യുന്ന രാജ്യങ്ങൾ യുഎസ് കോടതി വിധിയുടെ പേരിൽ തങ്ങളെ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ വലിയ വിലനൽകേണ്ടി വരുമെന്നും അമേരിക്കയുമായി കച്ചവടം ചെയ്യുന്നവർ ജാഗ്രതപാലിക്കണമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റിന്റെ അധികാരപരിധി മറികടന്നാണ് ട്രംപ് താരിഫ് നയങ്ങൾ നടപ്പാക്കിയതെന്ന് കണ്ടെത്തിയ സുപ്രീം കോടതി, 6-3 ഭൂരിപക്ഷത്തിലാണ് ട്രംപിന്റെ തീരുമാനങ്ങൾക്കെതിരെ വിധി പുറപ്പെടുവിച്ചത്. ഇത്തരം അസാധാരണമായ അധികാരങ്ങൾ പ്രയോഗിക്കുന്നതിന് കോൺഗ്രസിന്റെ വ്യക്തമായ അനുമതി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് വിധിന്യായത്തിൽ പ്രസ്താവിച്ചിരുന്നു. 1977-ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ (IEEPA) ദുരുപയോഗം ചെയ്താണ് ട്രംപ് കോൺഗ്രസിന്റെ അനുമതിയില്ലാതെ വ്യാപാര നികുതികൾ ചുമത്തിയിരുന്നത്. ശത്രുരാജ്യങ്ങളുടെ ആസ്തികൾ മരവിപ്പിക്കാനോ ഉപരോധം ഏർപ്പെടുത്താനോ പണ്ട് ഉപയോഗിച്ചിരുന്ന ഈ നിയമം, വ്യാപാര നികുതികൾ ചുമത്താൻ ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കോടതിവിധിയെ മറികടക്കാൻ ട്രംപ് അടിയന്തര നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ വിദേശ ഉൽപ്പന്നങ്ങൾക്ക് പത്ത് ശതമാനം ആഗോള താരിഫ് ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ഈ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനും ബ്രിട്ടണും ഉൾപ്പെടെയുള്ള അമേരിക്കയുടെ പ്രധാന സഖ്യകക്ഷികൾ യുഎസുമായുള്ള തങ്ങളുടെ വ്യാപാര കരാറുകൾ പുനഃപരിശോധിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഈ പുതിയ താരിഫ് ഭീഷണി ബാധിക്കാൻ സാധ്യതയുണ്ട്. നേരത്തെ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനംവരെ നികുതി ഏർപ്പെടുത്തിയിരുന്നു. പിന്നീട് ചർച്ചകളിലൂടെ ഇത് 25 ശതമാനമായും പിന്നീട് 18 ശതമാനമായും കുറച്ചിരുന്നു. സുപ്രീം കോടതി ട്രംപിന്റെ പഴയ നികുതി പരിഷ്‌കാരങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളുമായി മുന്നോട്ട് പോകാനാണ് നിലവിൽ ഇന്ത്യയുടെ തീരുമാനം.

Latest from Blog

error: Content is protected !!