ടെഹ്റാൻ> അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിക്ക് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ചേർന്ന ഇറാൻ പുരോഹിത സമിതിയാണ് 56-കാരനായ മൊജ്തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. ഇറാന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു അധികാര കൈമാറ്റമാണിത്.
ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) ശക്തമായ പിന്തുണയോടെയാണ് മൊജ്തബ ഖമേനിയുടെ നിയമനം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ ഇറാനിലെ ഭരണരംഗത്തും സൈനിക രംഗത്തും അനിശ്ചിതത്വം ഒഴിവാക്കാനാണ് ഈ നീക്കം.
