വാഷിങ്ടൺ> നാറ്റോയ്ക്കായി യുഎസ് നടത്തുന്ന ചെലവുകൾ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് രാവിലെ 10 മണി മുതൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടത്തിവിടില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധത്തെ പിന്തുണയ്ക്കുന്നതിൽ നാറ്റോ പരാജയപ്പെട്ടു എന്നു ട്രംപ് ആരോപിച്ചു. ‘അവർ നമുക്കൊപ്പം ഉണ്ടായിരുന്നില്ല’ എന്നു ട്രംപ്ആരോപിച്ചു. ‘അവർ നമുക്കൊപ്പം ഉണ്ടായിരുന്നില്ല’ എന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ അവർ വരാൻ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ കാര്യമായ ഭീഷണി നിലവിലില്ല.
നാറ്റോ സഖ്യത്തിൽ യുഎസ് അംഗമായി തുടരുന്നതിനെയും ട്രംപ് ചോദ്യം ചെയ്തു. ‘റഷ്യയിൽ നിന്നുള്ള സംരക്ഷണത്തിനായി നാറ്റോയ്ക്ക് വേണ്ടി ട്രില്യൺ കണക്കിന് ഡോളറാണ് യുഎസ് ചെലവാക്കിയത്. അവരെ റഷ്യയിൽ നിന്നുസംരക്ഷിക്കുകയാണ് യുഎസ് ചെയ്യുന്നത്. ഇതൊരു പരിഹാസ്യമായ കാര്യമാണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എങ്കിലും ട്രില്യൺ കണക്കിന് ഡോളർ ചെലവഴിക്കുന്നു. ഇത് വളരെ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും’–ട്രംപ് പറഞ്ഞു. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോയിൽ 32 രാജ്യങ്ങളാണ് അംഗങ്ങൾ.
അതിനിടെ, ഹോർമുസ് കടലിടുക്കിലെ സ്വാധീനം നിലനിർത്താൻ എന്തു വിലകൊടുത്തും ഇറാൻ പൊരുതുമെന്ന് വിദഗ്ധർ. ഹോർമുസ് കടലിടുക്കിൽ ‘ഹോളിവുഡ് ശൈലിയിലുള്ള തന്ത്രങ്ങൾ ഫലിക്കില്ലെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ അസോസിയറ്റ് പ്രഫസർ സോഹ്‌റെ ഖരാസ്മി അൽജസീറയോട് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തുന്ന ഏതൊരു നാവിക ഉപരോധത്തെയും ഇറാനിയൻ സൈന്യം പ്രതിരോധിക്കും.
ആകാശത്തും ഭൂമിയിലും ഇറാന്‍ യുഎസ് സൈന്യത്തിനെതിരെ പോരാടിയിട്ടുണ്ടെന്ന് ഖരാസ്മി ചൂണ്ടിക്കാട്ടി. നാവിക മേഖലയും ഇതിൽനിന്ന് വ്യത്യസ്തമല്ല. എഫ്-35 വിമാനങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനേക്കാൾഎളുപ്പമായിരിക്കും കപ്പലുകളെ നേരിടുന്നത്. ചൈനീസ് ഇടപെടലിനുള്ള സാധ്യതയുമുണ്ട്. ചൈനീസ് കപ്പലുകൾക്ക് അവർ അകമ്പടി സേവിക്കാൻ തീരുമാനിച്ചേക്കാം. ഇത് യുഎസും ചൈനയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമാകുമെന്നും ഖരാസ്മി പറഞ്ഞു.