എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി - Kerala Times    

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്‍റെ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും, പ്രാരംഭ ചെലവുകൾക്ക് ബജറ്റിൽ 10 കോടി

June 19, 2026
1350469 12

തിരുവനന്തപുരം: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. ആരംഭ ചെലവുകൾക്ക് 10 കോടി രൂപ വകയിരുത്തിയതായി ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയിച്ചു. വയോജന വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായും പ്രഖ്യാപനമുണ്ട്. പ്രിയദർശിനി പദ്ധതിക്കായി 600 കോടി, ആശ ഓണറേറിയം 78 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചു.യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തി. ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികൾ വൻതോതിൽ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടിൽ തന്നെ മികച്ച അന്താരാഷ്ട്ര പഠനസൗകര്യം ഉറപ്പാക്കാനുമായി ‘കേരള നോളജ് വാലി’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.വിദേശ സർവ്വകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തിൽ ഉറപ്പാക്കാൻ നോളജ് വാലി പദ്ധതി സഹായിക്കും. ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവ്വകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാദമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും.ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

കേരളത്തിന്റെ കടൽത്തീര സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി ‘മിഷൻ സമുദ്ര’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. 400 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി കേരളത്തെ പ്രമുഖ തുറമുഖ നഗരമായി വികസിപ്പിക്കും. ഈ വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ തീരമേഖലയിൽ ഉള്ളവർക്ക് വലിയ തോതിൽ തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബജറ്റിൽ പറയുന്നു. സംസ്ഥാനത്ത് പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനൊപ്പം,സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.

Latest from Blog

error: Content is protected !!