ദില്ലി> അക്കൗണ്ടുകൾ, ലോണുകൾ, കെ വൈ സി തുടങ്ങിയവയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ബാങ്കുകൾക്കും NBFC ക്കും റിസർച്ച് ബാങ്ക് പിഴ ചുമത്തി. ജമ്മു ആൻഡ് കശ്മീർ ബാങ്ക് (Jammu and Kashmir Bank), ബാങ്ക് ഓഫ് ഇന്ത്യ (Bank of India), കാനറ ബാങ്ക് (Canara Bank), ഡാറ്റ്സൺ എക്സ്പോർട്ട്സ് (Datson Exports West Bengal) എന്നിവക്കാന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കനത്ത പിഴ ചുമത്തിയത്.
1. ജമ്മു ആൻ്റ് കാശ്മീർ ബാങ്ക് (Jammu and Kashmir Bank)> അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ (ബിഎസ്ബിഡിഎ), നോ യുവർ കസ്റ്റമർ (കെവൈസി) മാർഗ്ഗനിർദ്ദേശങ്ങൾ, വായ്പകൾക്കും മുൻകൂർ വായ്പകൾക്കുമുള്ള നിയമപരമായ നിയന്ത്രണങ്ങൾ എന്നിവയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും മറ്റ് സാമ്പത്തിക വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിന് ജമ്മു ആൻ്റ് കശ്മീർ ബാങ്കിന് 3.31 കോടി രൂപ പിഴ ചുമത്തി.
2. ബാങ്ക് ഓഫ് ഇന്ത്യ (Bank Of India)> 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് പൊതുമേഖലാ ബാങ്കായ ‘ബാങ്ക് ഓഫ് ഇന്ത്യ’ക്ക് 1 കോടി രൂപ പിഴ ചുമത്തി.
3. കാനറ ബാങ്ക് (Canara Bank)> വായ്പകളുടെയും, നിക്ഷേപങ്ങളുടെയും പലിശനിരക്ക്, ബിഎസ്ബിഡിഎ അക്കൗണ്ടുകൾ വഴി ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നത് പോലുള്ളവയിൽ കണ്ടെത്തിയ ഗുരുതര വീഴ്ച്ച വരുത്തിയതിനും, ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനുമാണ് കാനറ ബാങ്കിന് 1.63 കോടി രൂപ പിഴ ചുമത്തിയത്.
4. ഡാറ്റ്സൺ എക്സ്പോർട്ട്സ്, പശ്ചിമ ബംഗാൾ (Datson Exports West Bengal)> സാമ്പത്തിക സേവനങ്ങളുടെ ഔട്ട്സോഴ്സിംഗിലെ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ച്ച, പെരുമാറ്റച്ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാത്തതിനുമാണ് ഈ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിക്ക് (NBFC) ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്.
തങ്ങളുടെ മാർഗ്ഗ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്തതിനും, നിയമപരമായ നിയന്ത്രണ നിർദ്ദേശങ്ങൾ അവഗണിച്ചതിനുമാണ് പിഴ ചുമത്തിയതെന്ന് ആർബിഐ വ്യക്തമാക്കി. ഈ സ്ഥാപനങ്ങൾ അവരുടെ ഉപഭോക്താക്കളുമായി ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളുടെയോ കരാറുകളുടെയോ സാധുതയെ ഇത് ബാധിക്കില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
