ചിട്ടിപ്പണം നൽകിയില്ല; ഇരിങ്ങാലക്കുട ടൗൺ കുറീസ് 209640 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി

- Advertisement -spot_img

ഇരിങ്ങാലക്കുട> വട്ടമെത്തിയ ചിട്ടിയുടെ പണം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കാട്ടൂർ ആലപ്പാട്ട് കോട്ടോളി വീട്ടിൽ ഷിബു ആന്റോ ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ടൗൺ കുറീസ് ആന്റ് ലോൺസ് പ്രൈവറ്റ്‌ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ കോടതി വിധിയുണ്ടായത്.

കുറി വിളിച്ചത് പ്രകാരം ഷിബുവിന് 4,65,100 രൂപ ലഭിക്കണം. കുറിയുടെ ബാക്കി തവണകളിലേക്ക് 1,07,460 രൂപയും മറ്റൊരു കുറിക്ക് ജാമ്യം നിന്ന വകയില്‍ 28,000 രൂപയും ഉള്‍പ്പെടെ 1,35,460 രൂപ കുറിസ്ഥാപനത്തിലേക്ക് ഷിബു നല്‍കുവാന്‍ ഉണ്ടായിരുന്നു. ഈ തുക കുറച്ചാല്‍ 3,29,640 രൂപ ഷിബുവിന് ലഭിക്കണം. എന്നാല്‍ കുറിസ്ഥാപനം നല്‍കിയത് 1,50,000 രൂപ മാത്രമാണ്. പരാതിക്കാരന് ലഭിക്കേണ്ട ബാലന്‍സ് തുകയായ 1,79,640 രൂപ കുറി സ്ഥാപനം നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് ഷിബു ആന്റോ ഡേവിഡ് കുറി കമ്പനിക്കെതിരെ തൃശൂർ ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

കുറിസംഖ്യ നൽകാതിരുന്നത് അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയുമാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് 1,79,640 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 5,000 രൂപയും ഹർജി തീയ്യതി മുതൽ 9% പലിശയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img