വിദ്യാർഥികളെ മറയാക്കി പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഡോളര്‍ കടത്ത്; പിടിച്ചത് 3.5 കോടിയുടെ നോട്ടുകള്‍ - Kerala Times    

വിദ്യാർഥികളെ മറയാക്കി പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഡോളര്‍ കടത്ത്; പിടിച്ചത് 3.5 കോടിയുടെ നോട്ടുകള്‍

February 27, 2025
Dollar Customs

പുണെ> വിദ്യാർഥികളെ മറയാക്കി വിദേശ കറൻസി കടത്താൻ ശ്രമം. ദുബായിൽ നിന്ന് വന്ന മൂന്ന് വിദ്യാർഥികളിൽ നിന്ന് പുണെ കസ്റ്റംസ് വകുപ്പ് 400,100 ഡോളർ (3.5 കോടി രൂപ) കണ്ടെത്തി. പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് വിദേശ കറൻസികൾ കണ്ടെത്തിയത്. ബാഗിൽ വിദേശ കറൻസി ഒളിപ്പിച്ചത് വിദ്യാർഥികൾക്കറിയില്ലായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻ്റായ ഖുശ്ബു അഗർവാളാണ് ട്രോളി ബാഗുകൾ ഏൽപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ വിദ്യാർഥികൾ മൊഴി നൽകി. അഗർവാളിന്റെ സഹായത്തോടെ വിദ്യാർഥികൾ ഒരു യാത്രാ പാക്കേജ് ബുക്ക് ചെയ്തിരുന്നു. പുണെയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പായി ദുബായ് ഓഫീസിൽ അടിയന്തിരമായി ഹാജരാക്കേണ്ട ഓഫീസ് രേഖകളാണെന്ന് വിശ്വസിപ്പിച്ച് രണ്ട് ബാഗുകൾ വിദ്യാർഥികൾക്ക് കൈമാറി.

രണ്ട് ട്രോളി ബാഗുകളിലായി മൂന്ന് യാത്രക്കാരെ ഉപയോഗിച്ച് ഒരാൾ വിദേശ കറൻസി കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പണം കണ്ടെത്തിയത്. കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് ദുബായിലെ അധികൃതരുമായി ബന്ധപ്പെടുകയും വിദ്യാർഥികളെ നിരീക്ഷിക്കുകയും ചെയ്തു. ഫെബ്രുവരി 17 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ ഇവർ പൂണെയിലേക്ക് മടങ്ങിയെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് 400,100 ഡോളർ കണ്ടെടുത്തത്.

വിദ്യാർഥികളുടെ മൊഴിയെടുത്തതിന് ശേഷം ഉടൻ തന്നെ ഖുശ്ബു അഗർവാളിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് നിയമപ്രകാരം മൊഴി രേഖപ്പെടുത്തി. കൂടുതൽ അന്വേഷണത്തിൽ മുംബൈയിലെ ഫോർട്ട് ഏരിയയിലുള്ള ഫോറെക്സ് സ്ഥാപനത്തിൽ നിന്ന് 45 ലക്ഷം രൂപയുടെ വിദേശ കറൻസിയും കണ്ടെടുത്തു. കറൻസി വിതരണം ചെയ്ത മുഹമ്മദ് ആമിർ എന്നയാളെയും ഉദ്യോഗസ്ഥർ പിടികൂടി.

Latest from Blog

error: Content is protected !!