കാൻസർ രോഗിക്ക് മെഡിക്ലെയിം നിഷേധിച്ചതിൽ ഇടപെട്ട് ഉപഭോക്തൃ കോടതി, നാഷണൽ ഇൻഷുറൻസ് 2,60,000/- രൂപ നഷ്ടപരിഹാരം നൽകണം

- Advertisement -spot_img

കൊച്ചി> മുമ്പേ രോഗമുണ്ടെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പോളിസിയെടുക്കും മുമ്പ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു. ഇൻഷുറൻസ് ഓംബുഡ്സ്മാൻ്റെ നിലപാടും തള്ളിയാണ് രോഗിയായ ഉപഭോക്താവിന് പരിരക്ഷ ഉറപ്പാക്കി കൊണ്ടുള്ള കോടതിയുടെ നീക്കം.

ഇൻഷുറൻസ് പോളിസി എടുത്ത് നാല് മാസത്തിന് ശേഷമുള്ള പരിശോധനയിലാണ് എറണാകുളം പിറവം സ്വദേശി അജയകുമാർ കെ.കെ. കാൻസർ ബാധിതനാണെന്ന വിവരം അറിയുന്നത്. തുടർന്ന് ചികിത്സാ ചെലവിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ നൽകാനാവില്ല എന്ന സ്ഥിരം നിലപാടാണ് സ്വീകരിച്ചത്. ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ക്യാൻസർ ബാധിതനായിരുന്നു എന്നായിരുന്നു കാരണം പറഞ്ഞത്. എന്നാൽ ഇതിന് തെളിവിനായി കമ്പനി മുൻകൂർ മെഡിക്കൽ ചെക്കപ്പ് ഒന്നും തന്നെ നടത്തിയിരുന്നില്ല.

രോഗബാധിതനാണെന്ന കാര്യം മറച്ചുവെച്ചാണ് പോളിസി എടുത്തതെന്ന വാദം ഇൻഷുറൻസ് ഓംബുഡ്സ്മാൻ അംഗീകരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പരാതി തള്ളിയതാണെന്ന് ഇൻഷുറൻസ് കമ്പനി ഉപഭോക്തൃ കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ രോഗം മറച്ചുവെച്ച് പോളിസി എടുത്തു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരൻ കോടതി മുമ്പാകെ ബോധിപ്പിച്ചു.

ഇൻഷൂറൻസ് പോളിസിയിൽ ചേർക്കുന്നതിനു മുൻപ് വിശദമായ ആരോഗ്യ പരിശോധന നടത്തേണ്ട ചുമതല കമ്പനിക്കാണ്. പോളിസിയിൽ ചേർന്നതിനു ശേഷം ക്ലെയിം തുക ചോദിക്കുമ്പോൾ നേരത്തെ രോഗിയായിരുന്നു എന്ന് തർക്കം ഉന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഡി.ബി.ബിനു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രണ്ട് ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും സഹിതം 2,60,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് കോടതി നിർദേശം. വീഴ്ച വരുത്തിയാൽ പലിശസഹിതം നൽകേണ്ടിവരുമെന്നും മുന്നറിയിപ്പും കോടതി നൽകി.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img