പ്രോജക്ട് വിഷ്ണു; 1500 KM പരിധി, ബ്രഹ്‌മോസിനേക്കാള്‍ മൂന്ന് മടങ്ങ് വേഗം; മാരക പ്രഹരശേഷി ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷിച്ചു - Kerala Times    

പ്രോജക്ട് വിഷ്ണു; 1500 KM പരിധി, ബ്രഹ്‌മോസിനേക്കാള്‍ മൂന്ന് മടങ്ങ് വേഗം; മാരക പ്രഹരശേഷി ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷിച്ചു

July 15, 2025
ET LDHCM

ദില്ലി> ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷിച്ചു. പ്രോജക്ട് വിഷ്ണു എന്ന കോഡ് നാമത്തിൽ വികസിപ്പ എക്സ്റ്റൻഡഡ് ട്രജക്റ്ററി- ലോങ് ഡ്യുറേഷൻ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ ( ET-LDHCM) ആണ് പരീക്ഷിച്ചത്. റഡാറുകളെ കബളിപ്പിക്കുന്ന സ്റ്റെൽത്ത് സവിശേഷത, ഉയർന്ന കൃത്യത തുടങ്ങിയവയാണ് ഈ ഹൈപ്പർ സോണിക് മിസൈലിന്റെ സവിശേഷത. ഇന്നലെ നടത്തിയ പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിലവിൽ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈൽ ബ്രഹ്മോസ് ആണ്. പുതിയ മിസൈൽ ബ്രഹ്മോസിനേക്കാൾ വേഗത്തിലാകും സഞ്ചരിക്കുക. 1500 കിലോ മീറ്റർ ദൂരത്തിൽ ആക്രമണം നടത്താൻ സാധിക്കുന്ന മിസൈലിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ക്രാംജെറ്റ് എൻജിനാണ് ഉപയോഗിക്കുന്നത്. മിസൈൽ ഹൈപ്പർ സോണിക് വേഗതയിലെത്തുമ്പോൾ അന്തരീക്ഷത്തിൽനിന്നാണ് ഇന്ധനജ്വലനത്തിനായുള്ള ഓക്സിജൻ വലിച്ചെടുക്കുക. മിസൈലിന്റെ ഭാരം കുറയ്ക്കാൻ സ്ക്രാംജെറ്റ് സാങ്കേതികവിദ്യ സഹായിക്കും.

ശബ്ദത്തേക്കാൾ എട്ട് മടങ്ങ് വേഗത്തിലാകും ഈ മിസൈൽ കുതിക്കുക. ബ്രഹ്മോസിന് ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് വേഗത്തിലേ സഞ്ചരിക്കാനാകൂ. മാത്രമല്ല, ബ്രഹ്മോസിനേക്കാൾ (450 കിലോ മീറ്റർ) കൂടുതൽ ദൂരത്തേക്ക് ആക്രമണം നടത്താനുമാകും. കര, നാവിക, വ്യോമ പതിപ്പുകൾ ഇനി മിസൈലിനായി വികസിപ്പിക്കും. സ്വയം സഞ്ചാരഗതി മാറ്റാൻ കഴിവുള്ള ഹൈപ്പർ സോണിക് മിസൈലാണ് ET-LDHCM. 1000 മുതൽ 2000 കിലോ ഗ്രാം വരെ ഭാരമുള്ള പോർമുനകൾ വഹിക്കും. ആണവായുധ ശേഷിയുമുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് റഡാർ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാൻ വളരെ താഴ്ന്ന സഞ്ചാരപാതയാണ് ഈ മിസൈലിനുള്ളത്.

അതിവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ അന്തരീക്ഷവുമായുള്ള ഘർഷണം മൂലം മിസൈലിന്റെ പുറംകവചം 2000 ഡിഗ്രി സെഷ്യൽസിന് മുകളിൽ ചൂടാകും. ഈ താപത്തെ അതിജീവിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയും ഡിആർഡിഒ സ്വന്തമായി വികസിപ്പിച്ചതാണ്. ഇതോടെ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നിലവിൽ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമേ ദീർഘൂര ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യ കൈവശമുള്ളു.

Latest from Blog

error: Content is protected !!