G And G Financiers തട്ടിപ്പ്; മൂന്നാം പ്രതി സിന്ധു വി നായർ അറസ്റ്റിൽ; ചെന്നൈയിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്

- Advertisement -spot_img

കോട്ടയം> തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന പുല്ലാട് ജി ആന്റ് ജി ഫൈനാൻസിയേഴ്‌സ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി സിന്ധു വി.നായരെ ചെന്നൈയിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കമ്പനിയുടെ എം.ഡി.ഗോപാലകൃഷ്‌ണൻ നായരുടെ ഭാര്യയാണ് സിന്ധു വി.നായർ. മുമ്പ് അറസ്റ്റിലായ ഗോപാലകൃഷ്‌ണൻ നായരും മകനും റിമാൻഡിൽ തുടരുകയാണ്. ഇതിനിടെയാണ് മൂന്നാം പ്രതിയായ സിന്ധു പിടിയിലായത്. ഇവരെ ഇന്ന് രാത്രിയോടെ തിരുവല്ല സ്റ്റേഷനിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ഉടമകൾക്കെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 124 കേസുകൾ രജിസ്ട്രർ ചെയ്‌തിട്ടുണ്ട്. 600 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ നിക്ഷേപകരിൽ പലരും പരാതിയുമായി നീങ്ങിയിട്ടില്ല എന്നതിനാൽ തട്ടിപ്പിന്റെ യഥാർഥ വ്യാപ്‌തി ഇപ്പോഴും വ്യക്തമല്ല.

- Advertisement -

അമിത പലിശ വാഗ്ദ‌ാനം ചെയ്‌താണ് ഉടമകൾ നിക്ഷേപം സ്വീകരിച്ചിരുന്നത്. ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ പലിശ വാഗ്ദാനം ചെയ്തിരുന്നു. 10 ലക്ഷം മുതൽ ഒരു കോടിയിലധികം രൂപവരെ നിക്ഷേപിച്ചവരുണ്ട്. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്നാണ് നിക്ഷേപകർ പോലീസിൽ പരാതിപ്പെട്ടത്. മാസം തോറും നിക്ഷേപത്തിൻ്റെ ഒരു ശതമാനം വെച്ച് മടക്കിത്തരാമെന്ന് ഉടമകൾ നിക്ഷേപകരെ അറിയിച്ചിരുന്നു. പിന്നീടാണ് ഉടമകൾ മുങ്ങിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി 48 ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു.

- Advertisement -

പോലീസിൽ പരാതികൾ കൂടിയതോടെ ഓമനക്കുട്ടൻ (ഡി.ഗോപാലകൃഷ്‌ണൻ നായർ) 2024 ജനുവരി അവസാനത്തോടെ കുടുംബമായി ഒളിവിൽ പോയി. ഗോപാലകൃഷ്ണൻ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടി കമ്പനി ഉടമയ്ക്കു വിറ്റ ശേഷമാണു ഒളിവിൽ പോയത്. പോലീസ് ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെ മറ്റു മാർഗ്ഗമില്ലാതെ ഓമനക്കുട്ടനും  മകൻ ഗോവിന്ദും പോലീസിൽ കീഴടങ്ങുകയായിരുന്നു. അപ്പോഴും ഓമനക്കുട്ടന്റെ ഭാര്യയും മൂന്നാം പ്രതിയുമായ സിന്ധു വി.നായർ ഒളിവിൽ തുടർന്നു.

അടുത്തകാലത്ത് പൂട്ടിപ്പോയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കഥകൾ കണ്ടും കേട്ടും പഠിച്ച് അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വളരെ ബുദ്ധിപൂർവ്വമായ നീക്കമാണ് തെള്ളിയൂർ ശ്രീരാമ സദനത്തിൽ ഓമനക്കുട്ടൻ എന്നപേരിൽ അറിയപ്പെടുന്ന ഡി.ഗോപാലകൃഷ്‌ണനും കുടുംബവും നടത്തിയത്. ഓമനക്കുട്ടൻ, ഭാര്യ സിന്ധു, ഏക മകൻ ഗോവിന്ദ്, ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മ‌ി, മകൻ എന്നിവരടങ്ങിയതാണ് ഇവരുടെ കുടുംബം. ഓമനക്കുട്ടന്റെ ഭാര്യ സിന്ധു നായർ തിരുവനന്തപുരത്തെ പ്രമുഖ വ്യാപാരിയായ കൃഷ്ണ‌ൻ നായരുടെ മകളാണ്. 1911 മുതൽ ബിസിനസ് രംഗത്തുള്ള ഇവർക്ക് തിരുവനന്തപുരം, എറണാകുളം, പുല്ലാട് തുടങ്ങിയ സ്ഥലങ്ങളിൽ കൃഷ്‌ണൻ നായർ & സൺസ് എന്നപേരിൽ ജൂവലറി, വാച്ച് ഷോറൂമുകളുണ്ട്.

വ്യക്തമായ മുന്നൊരുക്കത്തോടെയാണ് പുല്ലാട് ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകൾ നിക്ഷേപകരെ കബളിപ്പിച്ച് നാടുവിട്ടത്. കേസിൽ അകപ്പെട്ടാൽ ഭാര്യ ജയിലിൽ പോകാതിരിക്കുവാൻ ഭാര്യയെ കമ്പിനിയുടെ ഡയറക്ടർ സ്ഥാനത്തുനിന്നും മുൻകൂട്ടി നീക്കം ചെയ്തു. ഗോകുലം ചിട്ടി ഫണ്ടിൽ നിന്നും കോടികൾ ചിട്ടി പിടിച്ചു. പണം മുൻകൂറായി വാങ്ങി പിന്നീട് മനപൂർവ്വം തിരിച്ചടവ് മുടക്കി കുടിശ്ശിഖയാക്കി. തുടർന്ന് കുടിശ്ശിഖയുടെ പേരുപറഞ്ഞ് വസ്തുക്കൾ ഗോകുലം ഗോപാലന് സ്വത്തുക്കൾ തീറെഴുതി നൽകി. 2023 നവംബർ 17 ന് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സബ് രജിസ്ട്രാർ ഓഫീസിൽ ഇതിന്റെ ആധാരം രജിസ്റ്റർ ചെയ്തു. ആധാരത്തിൽ നാലുകോടി അറുപത്തിയഞ്ച് ലക്ഷത്തി അൻപതിനായിരം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ അഭിഭാഷകൻ അനിൽ ഐ. ജോർജ്ജ് ആണ് ആധാരം തയ്യാറാക്കിയത്. സാക്ഷികളിൽ ഒരാൾ ഓമനക്കുട്ടൻ്റെ മകൻ ഗോവിന്ദ് ജി.നായർ ആണ്. പന്തളം മുടിയൂർക്കോണം പഴയറ്റതിൽ വീട്ടിൽ പി.ആർ. പ്രവീൺ ആണ് മറ്റൊരു സാക്ഷി.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img