കൊച്ചി> കേരളത്തിൽ NBFC കൾ 2025 ൽ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന് സൂചന. Non Banking Finance Company കളുടെ ബിസിനസ്സുകൾ തീരെ കുറഞ്ഞു. പല ഫിനാൻസ് കമ്പനികളിലും സ്വർണ്ണം പണയ ബിസിനസ്സ് നടക്കാതായി. മൈക്രോ ഫിനാൻസ് സെക്ടറും കടുത്ത പ്രതിസന്ധി നേരിടുകയാണ്. 2025 ൽ പല കമ്പനികൾക്കും അതിജീവനം അസാധ്യമാണെന്ന പ്രതികരണമാണ് ചില മാനേജ്മെൻ്റ് പ്രതിനിധികളും ജീവനക്കാരുമടക്കം നൽകുന്നത്. ആദ്യകാലങ്ങളിൽ NCD കൾ വഴി പണം കുമിഞ്ഞുകൂടിയതോടെ പല കമ്പനികളും കൈവിട്ട കളിക്കിറങ്ങി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
കമ്പനികൾക്കും നിക്ഷേപകർക്കും ഒരുപോലെ ചതിക്കുഴിയായി NCD
NCD കൾ ജനങ്ങളുടെ പണം കൈവശപ്പെടുത്താനുള്ള മാർഗ്ഗമായി മാത്രം ചില കമ്പനികൾ ഉപയോഗപ്പെടുത്തിത്തുടങ്ങിയതോടെ നിക്ഷേപകർ കടപ്പത്രങ്ങളോട് മുഖം തിരിച്ചു. മാത്രമല്ല NCD കൾക്ക് യാതൊരു തരത്തിലുമുള്ള ഗ്യാരണ്ടി ഇല്ലെന്നതും, പല കമ്പനികളും നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുക്കുന്നതുമൊക്കെയാണ് പരാജയത്തിൻ്റെ പ്രധാന കാരണം. ഇന്ന് കാലാവധി പൂർത്തിയായ NCD നിക്ഷേപങ്ങൾ തിരിച്ചു കൊടുക്കാനാകാതെ പല കമ്പനികളും അവധി പറയുകയാണ്. ചിലർ NCD കൾ പുതുക്കിയിടാൻ നിർബന്ധിക്കുന്നുണ്ട്. ക്യാൻവാസിങ്ങിനായി ജീവനക്കാർക്ക് പുതുക്കിയിടുന്ന നിക്ഷേപങ്ങളുടെ 5 മുതൽ 10 ശതമാനം വരെ കമ്മീഷനാണ് പല കമ്പനികളും നൽകി വരുന്നത്.
NBFC കളുടെ സ്വർണ്ണപ്പണയം ബിസിനസ് കുത്തനെ ഇടിഞ്ഞു.
നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളിൽ സ്വർണ്ണപ്പണയത്തിൻ്റെയും മൈക്രോ ഫിനാൻസ് ലോണുകളുടെ പലിശനിരക്കിന് നിയന്ത്രണങ്ങളില്ല. ഇതോടെ കൊള്ളപ്പലിശയാണ് ഇത്തരം ലോണുകൾക്ക് ഈടാക്കുന്നത്. ഷെഡ്യൂൾഡ് ബാങ്കുകൾ പരമാവധി 12.5% പലിശ ഈടാക്കുമ്പോൾ NBFC കൾ 38% വരെ പലിശയാണ് ഈടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞതോടെ ഇടപാടുകാർ NBFC കളെ പാടെ ഉപേക്ഷിച്ച മട്ടാണ്.
മൈക്രോ ഫിനാൻസ് രംഗവും പ്രതിസന്ധിയിൽ
മതിയായ ഈടില്ലാതെ വായ്പകൾ നൽകുന്നതും, നിയന്ത്രണമില്ലാത്ത ലോൺ തുക ഉയർത്തലും മൂലം കിട്ടാക്കടം വർദ്ധിച്ചു. 2025 ൽ ഇത് നാലര ശതമാനത്തിലധികം വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ NBFC കളുടെ വളർച്ച നിരക്കിൽ 17 ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് ക്രെഡിറ്റ് ഏജൻസികളുടെ വിലയിരുത്തൽ. റിസർവ്വ് ബാങ്കും ഇക്കാര്യങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പ്രതിസന്ധി തരണം ചെയ്യാനാകാതെ മിക്ക NBFC കളും വട്ടം കറങ്ങുകയാണ്. ബിസിനസുകൾ പരാജയപ്പെട്ടതോടെ കാലാവധി പൂർത്തിയായ കടപ്പത്രങ്ങൾ തിരികെ നൽകാൻ ഇരട്ടി തുകക്ക് NCD ഇറക്കേണ്ട അവസ്ഥയിലാണ് മിക്ക കമ്പനികളും. അതായത് ഒരു മണിച്ചെയിൻ മോഡൽ പരീക്ഷിക്കുകയാണ് പലരും. ഇത് കൊണ്ട് അധികം പിടിച്ചു നിൽക്കാനാകില്ലെന്ന് ഇവർക്ക് തന്നെ അറിയാം. ഇതെല്ലാം മുന്നിൽക്കണ്ട് മാസം തോറും NCD കൾ ഇറക്കി പരമാവധി പണം സ്വരൂപിക്കാനാണ് ചില കമ്പനികളുടെ ശ്രമം. പലരും ഈ പണം ബിനാമി പേരുകളിലുള്ള മറ്റു ബിസിനസുകളിലേക്ക് മാറ്റുന്നതായാണ് വിവരം. ഏതായാലും 2025 തരണം ചെയ്യുക എന്നത് പല കമ്പനികളെ സംബന്ധിച്ചും ബാലികേറാമലയാണ്.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.