ബംഗളൂരു> സിനിമ കാണാന്‍ ടിക്കറ്റെടുത്തയാളെ 25 മിനുട്ട് പരസ്യം കാണിച്ച പിവിആര്‍ സിനിമാസ് 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടു. ‘സാം ബഹദൂര്‍’ എന്ന പേരിലുള്ള സിനിമ കാണാന്‍ പോയ തന്നെ അരമണിക്കൂറോളം പരസ്യം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി അഭിഷേക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. സിനിമ വൈകിയതിനാല്‍ തനിക്ക് കൃത്യസമയത്ത് ഓഫിസില്‍ എത്താന്‍ സാധിച്ചില്ല. ഇത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും അഭിഷേക് വാദിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച ‘ബുക്ക് മൈ ഷോ’ ആപ്പ് കമ്പനിയും കേസില്‍ എതിര്‍കക്ഷിയായിരുന്നു.
പുകയില, മദ്യ ഉപയോഗത്തിന് എതിരായ പരസ്യങ്ങള്‍ നല്‍കല്‍ നിയമപരമായ ബാധ്യതയാണെന്ന് കമ്പനികള്‍ വാദിച്ചു. സിനിമ ആരംഭിക്കുന്നതിന് പത്തുമിനുട്ട് മുമ്പും രണ്ടാം പകുതിയുടെ തുടക്കത്തിലും മതി ഇത്തരം പരസ്യങ്ങളെന്ന് കോടതി ഇതിന് മറുപടി നല്‍കി. എന്നാല്‍, ഈ വാദം കോടതി തള്ളി. ” മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ല. പൊതുതാല്‍പര്യമുള്ള പരസ്യങ്ങള്‍ സിനിമ തുടങ്ങുന്നതിന് പത്തു മിനുട്ടു മുമ്പും രണ്ടാംപകുതിയുടെ തുടക്കത്തിലും മതിയാവും. 25-30 മിനിറ്റ് തിയേറ്ററില്‍ വെറുതെയിരുന്ന് സംപ്രേഷണം ചെയ്യുന്നതെന്തും കാണേണ്ട കാര്യമില്ല. അനാവശ്യപരസ്യങ്ങള്‍ തിരക്കുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. ”-കോടതി വിശദീകരിച്ചു.
തുടര്‍ന്നാണ് അഭിഷേകിന്റെ സമയം കളഞ്ഞതിന് 50,000 രൂപയും മാനസിക വേദനക്ക് 5,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കാന്‍ ഉത്തരവിട്ടത്. ‘ബുക്ക് മൈ ഷോ ആപ്പ്’ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വേദിമാത്രമാണെന്നും അതിനാല്‍ അവരെ ഒഴിവാക്കുകയാണെന്നും വിധി പറയുന്നു. പിവിആര്‍ സിനിമാസും ഐഎന്‍ഒക്‌സും ഉപഭോക്തൃ ക്ഷേമ നിധിയിലേക്ക് ഒരു ലക്ഷം രൂപ കെട്ടിവക്കണമെന്നും നിര്‍ദേശമുണ്ട്.