കോതമംഗലം> കോട്ടപ്പടി പ്ലാമുടിയിൽ പുരയിടത്തിലെത്തിയ കാട്ടാനയെ കണ്ട് പേടിച്ച് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു. കേട്ടപ്പടി പ്ലാമുടി കൂവക്കണ്ടം പാമ്പലായം കുഞ്ഞപ്പൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം. പുരയിടത്തിൽ കപ്പ കൃഷിചെയ്തിരിക്കുന്ന ഭാഗത്ത് ആനയെ കണ്ട് ഒച്ചവച്ചും പടക്കം പൊട്ടിച്ചും ഓടിക്കാനുള്ള ശ്രമത്തിനിടെ ആന ചിന്നംവിളിച്ച് തിരിഞ്ഞു നിന്നു. ഇതോടെ കുഞ്ഞപ്പൻ വീട്ടിലേക്ക് ഓടിയെങ്കിലും മുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ ആനന്ദം സമീപത്തുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് അയൽവാസികളെത്തി ആദ്യം ഓടയ്ക്കാലിയിലെ ആശുപത്രിയിലും പിന്നീട് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: ജിഷ, ടിഷ, രാജേഷ്. മരുമക്കൾ; സജീവൻ, ബിജു, ചാന്ദ്നി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശു പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുരയിടത്തിൽ മൂന്ന് ആനകൾ ഉണ്ടായിരുന്നു. ഒരേക്കറോളം വരുന്ന പുരയിടത്തിൽ ആന നിൽക്കുന്നിടവും കുഞ്ഞപ്പൻ്റെ വീടും തമ്മിൽ 100 മീറ്ററോളം അകലം ഉണ്ടായിരുന്നതായി വനപാലകർ പറഞ്ഞു. ഒരു വർഷം മുൻപും വീട്ടുമുറ്റത്തുവെച്ച് കാട്ടാന ഓടിച്ചപ്പോൾ വീണ് കുഞ്ഞപ്പന് സാരമായി പരിക്കേറ്റിരുന്നു.