പത്തനംതിട്ട>Sabarimala Gold Row ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്. സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
2019-ല്‍ വിജയ് മല്യ സ്വര്‍ണം പൂശിവെച്ചിരുന്ന പാളിയല്ല സന്നിധാനത്ത് ഇപ്പോഴുള്ളതെന്ന് ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് ശബരിമല സന്നിധാനത്ത് സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടെന്നാണ് കരുതേണ്ടത്. ഗോള്‍ഡ് സ്മിത്തും ഈ നിഗമനത്തിലേക്കാണ് എത്തുന്നത്.
എന്നാല്‍, ഇതുസംബന്ധിച്ച ആധികാരികമായ ഒരു തീര്‍പ്പിലെത്തണമെങ്കില്‍ കൂടുതല്‍ വിദഗ്ധമായ പരിശോധന ആവശ്യമാണ്. ഇതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചേക്കും. കൂടാതെ, നിലവില്‍ ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം ഗണിക്കാനുള്ള പരിശോധന നടത്തണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടേക്കും.
