കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പല Non Banking Finance Company (NBFC)കളുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇക്കൂട്ടർക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് പല കമ്പനികളും. സ്വര്‍ണ്ണപ്പണയം പോലും സ്വീകരിക്കാതെ ഇവരുടെ ബ്രാഞ്ചുകള്‍ പലതും പൊടിപിടിച്ചു കിടക്കുകയാണ്. ഇവിടെയൊക്കെ മുക്കുപണ്ടം പണയമായി കാണിച്ച് കമ്പനിയുടെ ആസ്തി പെരുപ്പിച്ചു കാണിക്കുന്നുണ്ട്. ടണ്‍ കണക്കിന് മുക്കുപണ്ടമാണ് സ്വർണ്ണപ്പണയമെന്ന പേരിൽ ചില സ്ഥാപനങ്ങളിലുള്ള ആസ്തി രജിസ്റ്ററില്‍ ഉള്ളത്. കോട്ടയത്തെ ഒരു സ്ഥാപനത്തെ സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഇവിടെ പരിശോധിക്കാറില്ല. അതുകൊണ്ടുതന്നെ ഈ തട്ടിപ്പുകള്‍ പുറംലോകം അറിയാറുമില്ല. ഒരു സുപ്രഭാതത്തില്‍ കമ്പനി പൂട്ടിക്കെട്ടി ഉടമ മുങ്ങുമ്പോഴാണ് പാവം നിക്ഷേപകന് വിവരം അറിയുന്നതുതന്നെ.
പണത്തിന് ആവശ്യം വരുമ്പോഴൊക്കെ NCD ഇറക്കി നിക്ഷേപം സ്വീകരിക്കുക എന്നത് മാത്രമാണ് തട്ടിപ്പുകാരുടെ ബിസിനസ്. ഇവരുടെ ബാലന്‍സ് ഷീറ്റില്‍ കമ്പനി വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായും കോടികളുടെ ആസ്തി ഉള്ളതായും കാണും. ബുദ്ധിയുള്ള പ്രൊഫഷണല്‍ കണക്കപ്പിള്ളയും കമ്പനി സെക്രട്ടറിയും കൂടെയുണ്ടെങ്കില്‍ കമ്പനിയുടെ ആസ്തി ഓരോവര്‍ഷവും കടലാസിൽ മാത്രം പെറ്റുപെരുകിക്കൊണ്ടിരിക്കും. തൃശ്ശൂർ ജില്ലയിലെ ഒരു പ്രമുഖ സ്ഥാപനത്തിൻ്റെ പ്രവർത്തനവും ഇതേ രീതീയിലാണിപ്പോൾ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇന്ന് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണ് NCD എന്ന ചുരുക്കപ്പേരില്‍ അറിയുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബെഞ്ചറുകള്‍. ഈ ഡിബെഞ്ചറുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും ഗ്യാരണ്ടി ഉണ്ടെന്നാണ് കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് (NBFC) കമ്പനികള്‍ പുറത്തിറക്കുന്ന എന്‍.സി.ഡി (NCD)കള്‍ക്ക് നിലവില്‍ യാതൊരു ഗ്യാരണ്ടിയും റിസര്‍വ് ബാങ്കും സെബിയും മാത്രമല്ല ഒരു സര്‍ക്കാര്‍ സംവിധാനവും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം NCD യുടെ പരസ്യം നല്കുമ്പോള് കമ്പനിതന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആരും വായിച്ചുനോക്കാറില്ലെന്നുമാത്രം.
NCD യിൽ പണം നിക്ഷേപിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
NCD യില്‍ പണം നിക്ഷേപിക്കുമ്പോള്‍ പരിചയവും ബന്ധവും ഒന്നും ഗൗനിക്കരുത്. നിങ്ങള്‍ പണം നിക്ഷേപിക്കുവാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെക്കുറിച്ച് വ്യക്തമായി അന്വേഷിക്കുക. നിങ്ങളുടെ നിക്ഷേപം ഉപയോഗിച്ച് അവര്‍ എന്തൊക്കെ ബിസിനസ്സുകള്‍ ആണ് ചെയ്യുന്നതെന്നും ആ ബിസിനസ്സില്ക്കൂടി കമ്പനിക്ക് ലാഭം ഉണ്ടാകുന്നുണ്ടോ, ഇതിലൂടെ കാലാവധി തികയുന്ന നിങ്ങളുടെ നിക്ഷേപത്തിന്റെ മുതലും പലിശയും നല്കുവാന് ഇവര്‍ക്ക് കഴിയുമോ എന്നും പഠിക്കുക. കമ്പനി ഉടമയെക്കുറിച്ചും ഡയറക്ടര്‍മാരെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ബിസിനസ്സുകളും കുടുംബ പശ്ചാത്തലവും അറിയുക. ഇവര്‍ക്കെതിരെ കേസുകളോ സര്‍ക്കാര്‍ നടപടികളോ ഉണ്ടെങ്കില്‍ ഇവ അറിയണം. കൂടാതെ ഇവര്‍ക്കെതിരെയുള്ള മാധ്യമ വാര്‍ത്തകള്‍, റിസര്‍വ് ബാങ്ക് നടപടികള്‍, കമ്പനി രജിസ്ട്രാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍, സെബിയുടെ നടപടികള്‍, ബഡ്സ് നിയമം അനുസരിച്ച് കൊമ്പിറ്റെന്റ് അതോറിറ്റി സ്വീകരിച്ചിട്ടുള്ള നടപടികള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും നിക്ഷേപകൻ അറിഞ്ഞിരിക്കണം’.
ഈ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കരുത്
എന്തെങ്കിലും സംശയം തോന്നുന്ന NBFC കളില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത്. ഒരു വര്‍ഷത്തില്‍ കൂടിയ കാലയളവിലേക്ക് പണം നിക്ഷേപിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. പലിശ എല്ലാ മാസവും കൃത്യമായി വാങ്ങുക. NCD യിലോ നിധി കമ്പനിയിലോ നിക്ഷേപം നടത്തുമ്പോള്‍ പല സ്ഥാപനങ്ങളിലായി നിക്ഷേപിക്കുക. (ഉദാഹരണത്തിന് 10 ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് പത്ത് സ്ഥാപനങ്ങളിലായി നിക്ഷേപിക്കാൻ ശ്രദ്ധിക്കുക). അങ്ങനെ ചെയ്യുന്നത് ഒരു പരിധിവരെ സുരക്ഷിതമാണ്. ഏതെങ്കിലും സ്ഥാപനം തകർന്നാൽ നിങ്ങളുടെ ബാക്കിയുള്ള പണം സുരക്ഷിതമായിരിക്കും. എത്രയൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും സമ്മര്‍ദ്ദം ഉണ്ടായാലും വലിയ തുക ഒന്നിച്ച് ഒരു സ്ഥാപനത്തിലും നിക്ഷേപിക്കാതിരിക്കുക. നിക്ഷേപിക്കുന്ന പണത്തിന് നിങ്ങള്‍ക്ക് ഇന്‍സെന്റീവ് അല്ലെങ്കില്‍ കമ്മീഷന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ ഒരു ചില്ലിക്കാശുപോലും അവിടെ നിക്ഷേപിക്കരുത്.
സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടര്‍ച്ചയായി വീട്ടില്‍ വന്നോ ഫോണ്‍ വിളിച്ചോ നിങ്ങളെ ക്യാന്‍വാസ് ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവിടെയും നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാകാൻ സാധ്യതയില്ല. നിക്ഷേപം ക്യാന്‍വാസ് ചെയ്യുന്ന ജീവനക്കാര്ക്കുംഏജൻറുമാർക്കും 5 മുതല്‍ 7% വരെ കമ്മീഷന് കൊടുക്കുന്നത് നിങ്ങളുടെ നിക്ഷേപത്തുകയില്‍ നിന്നാണെന്നത് മറക്കേണ്ട. 12% മുതൽ14% വരെ പലിശ വാഗ്ദാനം ചെയ്യുന്നവർ കമ്മീഷനും ഇൻസൻ്റീവും നൽകി നിക്ഷേപം സ്വീകരിക്കുമ്പോൾ പലിശ 14% + കമ്മീഷൻ 8% + ഇൻസൻ്റീവ് നിങ്ങളുടെ നിക്ഷേപത്തിന് നൽകേണ്ടി വരും. ഏകദേശം 23% വരും അത്. കൂടാതെ കമ്പനിയുടെ പ്രവർത്തനച്ചിലവും മറ്റുമായി 8% ചിലവ് വേണ്ടി വരും. ഇങ്ങനെ 23% + 8% = 31 % ലാഭം കിട്ടുന്ന എന്ത് ബിസിനസ്സാണ് ഇത്തരം കമ്പനികൾ നടത്തുന്നത് എന്ന് അറിയണം. മാത്രമല്ല ഒരിക്കല്‍ കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപം പ്രത്യേകിച്ച് NCD അതേ സ്ഥാപനത്തില്‍ത്തന്നെ വീണ്ടും പുതുക്കി ഇടുന്നതും ഉചിതമല്ല. >>> പരമ്പര തുടരും.
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. നിയമോപദേശങ്ങൾക്കും ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ – Call/Whatsapp 8848801594, Email – [email protected]
