'അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍'; വേണ്ടി വന്നാല്‍ ആക്രമിക്കും; ഇറാന്‍ - Kerala Times    

‘അമേരിക്കന്‍ താവളങ്ങളെല്ലാം ഞങ്ങളുടെ ബലിസ്റ്റിക് മിസൈല്‍ പരിധിയില്‍’; വേണ്ടി വന്നാല്‍ ആക്രമിക്കും; ഇറാന്‍

February 10, 2026
IMG 20260210 105109

വേണ്ടി വന്നാല്‍ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍. ഏതെങ്കിലും ഘട്ടത്തില്‍ അമേരിക്ക അതിസാഹസത്തിന് തുനിഞ്ഞാല്‍ ഗള്‍ഫിലുള്ള അമേരിക്കയുടെ എല്ലാ സൈനികത്താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ‘അമേരിക്കന്‍ മണ്ണിലെത്തി ആക്രമിക്കുക അത്രവേഗം സാധ്യമല്ല. പക്ഷേ ഞങ്ങളുടെ പ്രദേശത്തുള്ള അവരുടെ എല്ലാ കേന്ദ്രങ്ങളും കനത്ത തിരിച്ചടി നേരിടു’മെന്ന് അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറഗ്ചി തുറന്നടിച്ചു. അമേരിക്കയുടെ സൈനികത്താവളങ്ങള്‍ ഇറാന്‍റെ ബലിസ്റ്റിക് മിസൈല്‍ പരിധിയിലാണെന്നും അറഗ്ചി സൂചിപ്പിച്ചു.

അര്‍മാഡ അതിവേഗം നീങ്ങുകയാണെന്നും കരുത്തുറ്റ പടക്കപ്പലാണെന്നും അതിനൊരു ലക്ഷ്യമുണ്ടെന്നുമുള്ള ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്കാണ് ഇറാന്‍റെ മുന്നറിയിപ്പ്. അമേരിക്ക സൈന്യത്തെ കടലില്‍  കൊണ്ട് വിന്യസിച്ചാലും ഇറന്‍ ഭയക്കില്ലെന്നും യുദ്ധമെങ്കില്‍ യുദ്ധം നേരിടാന്‍ ഇറാന്‍ ഒരുക്കമാണെന്നും ടെഹ്റാന്‍ നേരത്തെ തുറന്നടിച്ചിരുന്നു. അതേസമയം, അയല്‍രാജ്യങ്ങളെ ഇറാന്‍ ആക്രമിക്കില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെ 500ലേറെ മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിന് നേരെ തൊടുത്തത്. അതുകൊണ്ട് തന്നെ ഇറാന്‍റെ മിസൈല്‍ ഭീഷണിയെ ഗൗരവമായാണ് യുഎസ് എടുക്കുന്നതും. ഒമാനില്‍ നടന്ന ചര്‍ച്ചയില്‍ ഇറാന്‍റെ ബലിസ്റ്റിക് മിസൈലുകളെ കുറിച്ച് പരാമര്‍ശിക്കാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും ഇറാന്‍ വഴങ്ങിയില്ല. ആണവകാര്യത്തില്‍ മാത്രമാണ് ചര്‍ച്ചയെന്നും അതിനപ്പുറം ഒരു വിഷയങ്ങളും ഉദ്ദേശിക്കുന്നില്ലെന്നും ടെഹ്റാന്‍ നിലപാട് കടുപ്പിച്ചു.

പ്രദേശത്ത് കനത്ത ആക്രമണം നടത്താന്‍ ശേഷിയുള്ള 2000ത്തോളം മിഡ് റേഞ്ച് ബലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍റെ കൈവശമുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്‍റെ റിപ്പോര്‍ട്ട്. ഗള്‍ഫിലെങ്ങുമുള്ള യുഎസ് കേന്ദ്രങ്ങളിലെത്താന്‍ പാകത്തിലുള്ള ഹ്രസ്വദൂര മിസൈലുകളും ഇറാന്‍റെ പക്കലുണ്ട്. ഇറാന്‍റെ പ്രതിരോധത്തില്‍ ബലിസ്റ്റിക് മിസൈലുകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യത്തിന് അവ കരുത്ത് പകരുന്നുണ്ടെന്നും ഇറാന്‍റെ ഡിഫന്‍സ് ഓഫ് ഡമോക്രസീസ് ഫൗണ്ടേഷന്‍ സീനിയര്‍ ഡയറക്ടര്‍ ബെന്നം ബെന്‍ തലേബ്ലു വെളിപ്പെടുത്തിയിരുന്നു. അടിച്ചമർത്താനും പ്രതിരോധിക്കാനും ശിക്ഷിക്കാനും ഒരേ സമയം ഉപയോഗിക്കാവുന്ന ആയുധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍റെ കൈവശമുള്ള മിസൈലുകളില്‍ ചിലത് ഇവയാണ്:

ഖൊറാംഷര്‍:- ഇറാന്‍റെ പക്കലുള്ളതില്‍ ഏറ്റവും അത്യാധുനികവും ലിക്വിഡ് ഫ്യുവല്‍ഡുമായ മിസൈലാണിത്. അള്‍ട്രാ–ഹെവി പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലിന് 2000 കിലോമീറ്ററാണ് ദൂരപരിധി. ഇസ്രയേലിലെങ്ങും, മധ്യപൂര്‍വ ദേശത്തെ മിക്ക യുഎസ് സൈനികത്താവളങ്ങളും തെക്കുകിഴക്കന്‍ യൂറോപ്പ് വരെ നീളുന്നതാണ് ഇതിന്‍റെ പരിധി.ഖത്തറിലെ അല്‍ ഉദേയ്ദ് വ്യോമത്താവളം, ബഹ്റൈനിലെ യുഎസ് നേവല്‍ സപ്പോര്‍ട്ട് ആക്ടിവിറ്റി കേന്ദ്രം, കുവൈറ്റ്, സിറിയ, ഇറാഖ്, യുഎഇ, സൗദി എന്നിവിടങ്ങള്‍ വരെ ഇതിന്‍റെ ആക്രമണം എത്തും.

സെജ്ജില്‍: മീഡിയം റേഞ്ച് ബലിസ്റ്റിക് മിസൈലാണിത്. ഇസ്രയേല്‍ ഉള്‍പ്പടെയുള്ള മധ്യപൂര്‍വ ദേശത്തെല്ലാടവും തെക്കു കിഴക്കന്‍ യൂറോപ്പും ആക്രമിക്കാന്‍ ഇത് ധാരാളമാണ്. കുവൈത്തിലെ ക്യാംപ് അരിഫ്ജാന്‍, അലി അല്‍ സലേം വ്യോമത്താവളങ്ങള്‍, അല്‍ അസദ് വ്യോമത്താവളം (ഇറാഖ്), ജോര്‍ദനിലെയും തുര്‍ക്കിയിലെയും വ്യോമത്താവളങ്ങള്‍ എന്നിവയിലും വേണ്ടി വന്നാല്‍ സെജ്ജല്‍ എത്തും.

എമാദും ഘദ്റും: അത്യാധുനിക മീഡിയം റേഞ്ച് ബലിസ്റ്റിക് മിസൈലാണിത്. 1700 കിലോമീറ്ററാണ് പരിധി. തുര്‍ക്കി, സിറിയ, ജോര്‍ദന്‍ എന്നിവിടങ്ങള്‍ക്ക് പുറമെ യുഎഇയിലേക്കും ഖത്തറിലേക്കും ഇറാന് ഇത് തൊടുക്കാന്‍ കഴിയും

ഫത്ത, ഹജ് ക്വസേം, ഖെയ്ബര്‍ ഷെഖാന്‍: ഇറാന്‍റെ ബലിസ്റ്റ് മിസൈല്‍ ശേഖരത്തിലെ പേരുകേട്ട മിസൈലുകളാണിത്. ഇസ്രയേലിനെതിരെ ജൂണില്‍ ഇറാന്‍ ഇത് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇറാന്‍ സൈന്യം തദ്ദേശിയമായി വികസിപ്പിച്ചെടുത്തതാണിതെന്ന സവിശേഷതയും ഇതിനുണ്ട്.

Latest from Blog

error: Content is protected !!