അധികാരപ്പോര് പൊട്ടിത്തെറിയിലേക്ക്; ചെയര്‍മാനെ വെട്ടി റോഷി അഭിനവ 'മാണി'യാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

അധികാരപ്പോര് പൊട്ടിത്തെറിയിലേക്ക്; ചെയര്‍മാനെ വെട്ടി റോഷി അഭിനവ ‘മാണി’യാകുന്നു; ജോസിനെ പാലായില്‍ തോല്‍പ്പിക്കാന്‍ നീക്കം

February 14, 2026
ei59INE44105

കൊച്ചി> കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള അധികാര വടംവലി പരസ്യമായ പോരിലേക്ക് നീങ്ങുന്നു. പാര്‍ട്ടിയിലെ സര്‍വ്വാധിപതിയാകാന്‍ റോഷി അഗസ്റ്റിന്‍ നടത്തുന്ന നീക്കങ്ങള്‍ ജോസ് കെ. മാണിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കുമെന്ന് റോഷി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത് ചെയര്‍മാനെ സഹായിക്കാനല്ല, മറിച്ച് അദ്ദേഹത്തിന് പാലായില്‍ മത്സരിക്കാന്‍ ഭയമാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്ന് ജോസ് അനുകൂലികള്‍ ആരോപിക്കുന്നു.

ചെയര്‍മാനെ നോക്കുകുത്തിയാക്കി റോഷി നടത്തുന്ന ഈ താരപദവി പ്രകടനം പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. സിപിഎം പിന്തുണ തനിക്കാണെന്ന് വരുത്താനാണ് റോഷിയുടെ ശ്രമം. യുഡിഎഫിലേക്ക് പോകാനുള്ള നീക്കം തടഞ്ഞത് റോഷിയാണെന്ന നിഗമനങ്ങള്‍ വന്നിരുന്നു. ഇത് മുതലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പം താനാണെന്ന് വരുത്താന്‍ റോഷി ശ്രമിച്ചത്രേ. ഇതിന് പിന്നാലെയാണ് പാലയില്‍ ജോസ് കെ മാണിയെ വെട്ടിലാക്കാനുള്ള നീക്കം. മാണി സി കാപ്പന് വേണ്ടിയാണ് ഇതെല്ലാമെന്ന് കേരളാ കോണ്‍ഗ്രസ് തിരിച്ചറിയുന്നു.

ജോസ് കെ. മാണി വീണ്ടും നിയമസഭയിലെത്തിയാല്‍ തന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന റോഷിയുടെ ഭയമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ജോസ് കെ. മാണി ജയിച്ചാല്‍ സ്വാഭാവികമായും പാര്‍ട്ടിയിലെ ഒന്നാമനായി അദ്ദേഹം മന്ത്രിസഭയില്‍ എത്തും. ഇത് തടയാനായി ജോസിനെ പാലായില്‍ കുരുക്കി തോല്‍പ്പിക്കാന്‍ റോഷി പക്ഷം രഹസ്യ നീക്കം നടത്തുന്നതായും സൂചനയുണ്ട്. ചെയര്‍മാന്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് ജോസ് കെ. മാണി ആവര്‍ത്തിക്കുമ്പോഴും, മൈക്ക് പിടിച്ചുവാങ്ങി റോഷി നടത്തുന്ന പ്രഖ്യാപനങ്ങള്‍ പാര്‍ട്ടിയിലെ ഇരട്ട അധികാര കേന്ദ്രങ്ങളെയാണ് സൂചിപ്പിക്കുന്നത്.

സിപിഎമ്മിന്റെ പിന്തുണ തനിക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ് റോഷിയുടെ നീക്കങ്ങള്‍. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ഈ പടലപ്പിണക്കം ഇടതുമുന്നണിയെയും അസ്വസ്ഥമാക്കുന്നുണ്ട്. ജോസ് കെ. മാണിയെ മറികടന്ന് റോഷി വളരുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. ഇടതുമുന്നണിക്ക് തുടഭരണം ലഭിച്ചാല്‍ പോലും, പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന റോഷി അഗസ്റ്റിനെ വീണ്ടും മന്ത്രിയാക്കില്ലെന്നും പകരം മറ്റൊരു വിശ്വസ്തന് അവസരം നല്‍കണമെന്നുമാണ് ജോസ് കെ. മാണി പക്ഷത്തിന്റെ ആവശ്യം.

കെ.എം. മാണിയുടെ കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത അച്ചടക്കമില്ലായ്മയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ അരങ്ങേറുന്നതെന്ന വികാരം അണികളിലും ശക്തമാണ്. കേരളാ കോണ്‍ഗ്രസില്‍ ഒരിക്കലും ഇരട്ട അധികാര കേന്ദ്രം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ റോഷിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യം ജോസ് ക്യാമ്പില്‍ സജീവമാണ്. അടുത്ത പാര്‍ട്ടി യോഗത്തില്‍ ഇത് പ്രതിഫലിക്കും. വീണ്ടും ഇടുക്കിയില്‍ റോഷിയെ മത്സരിപ്പിക്കരുതെന്ന വികാരവും ശക്തമാണ്. ജോസ് കെ മാണി മത്സരിക്കുന്നതില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അവര്‍ പറയുന്നു. റോഷിയുടെ പ്രസ്താവനകളില്‍ സിപിഎമ്മിനേയും ജോസ് വിഭാഗം അതൃപ്തി അറിയിക്കും. കേരളാ കോണ്‍ഗ്രസിന്റെ അടുത്ത സ്റ്റിയറിംഗ് കമ്മറ്റി നിര്‍ണ്ണായകമാണ്.

ചെയര്‍മാന്‍ പ്രഖ്യാപിക്കേണ്ട കാര്യങ്ങള്‍ മൈക്ക് തട്ടിപ്പറിച്ച് മന്ത്രി മുന്‍കൂട്ടി പറയുന്നത് അച്ചടക്കലംഘനമായി കണക്കാക്കി റോഷി അഗസ്റ്റിന് കര്‍ശന മുന്നറിയിപ്പ് നല്‍കാന്‍ സാധ്യതയുണ്ട്. ‘പാര്‍ട്ടിക്ക് മുകളിലല്ല മന്ത്രി’ എന്ന സന്ദേശം നല്‍കാനാണ് ജോസ് പക്ഷത്തിന്റെ ശ്രമം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ്ണ അധികാരം ചെയര്‍മാന്‍ ജോസ് കെ. മാണിയില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള പ്രമേയം സ്റ്റിയറിംഗ് കമ്മറ്റിയില്‍ അവതരിപ്പിച്ചേക്കും. റോഷി അഗസ്റ്റിന്‍ സി.പി.എമ്മിനുള്ളിലെ തന്റെ സ്വാധീനം ഉപയോഗിച്ച് ഈ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കും.

പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിലൂടെ, ജോസ് പരാജയപ്പെട്ടാല്‍ പാര്‍ട്ടിയുടെ ഏക അധികാര കേന്ദ്രമായി മാറാം എന്ന തന്ത്രമാണ് റോഷി പയറ്റുന്നത്. എന്നാല്‍, പാലാ സീറ്റിലെ റിസ്‌ക് കണക്കിലെടുത്ത് സുരക്ഷിതമായ മറ്റൊരു മണ്ഡലം ജോസ് കെ. മാണി ആലോചിക്കുന്നുണ്ടെങ്കില്‍ അത് തടയാനാണ് റോഷിയുടെ ‘പാലാ പ്രഖ്യാപനം’ ലക്ഷ്യമിടുന്നത് എന്നാണ് കേരളാ കോണ്‍ഗ്രസിലെ ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss