ടെഹ്റാൻ> ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ ഭീഷണിയുമായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്. നെതന്യാഹുവിനെ ബാലഘാതകനെന്ന് വിശേഷിപ്പിച്ചാണ് ഐആര്‍ജിസിയുടെ സന്ദേശം. ‘പിഞ്ചുകുഞ്ഞുങ്ങളുടെ കൊലയാളി നെതന്യാഹു ജീവനോടെ ശേഷിക്കുന്നുണ്ടെങ്കില്‍ പിന്തുടര്‍ന്നെത്തി കൊല്ലും’ എന്നാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അവരുടെ വെബ്സൈറ്റായ സെഫാ ന്യൂസില്‍ വ്യക്തമാക്കിയത്.
ഇസ്രയേലില്‍ ഇറാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ നെതന്യാഹുലിന്‍റെ ബങ്കര്‍ തകര്‍ന്നതായും മരിച്ചതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നാലെ നെതന്യാഹുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നുവെങ്കിലും അതില്‍ നെതന്യാഹുവിന് ആറ് കൈവിരലുകള്‍ ഉള്ളതായി കണ്ടത്. ഇതോടെ വിഡിയോ എഐ നിര്‍മിതമാണെന്നും പ്രചരണങ്ങള്‍ ഉണ്ടായി. മാത്രവുമല്ല, നെതന്യാഹുവിന്‍റെ മകന്‍ യായിര്‍ നെതന്യാഹു മാര്‍ച്ച് ഒന്‍പതിന് ശേഷം എക്സ് ഹാന്‍ഡില്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇത് കുടുംബത്തിലുണ്ടായ ദുരന്തത്തെ തുടര്‍ന്നാണെന്നും അഭ്യൂഹങ്ങള്‍ പരന്നു.
എന്നാല്‍ നെതന്യാഹു ജീവനോടെയുണ്ടെന്ന് പ്രധാനമന്ത്രിയുെട ഓഫിസ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഐആര്‍ജിസിയുടെ പ്രസ്താവന. സൗദിയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്നും ഇസ്രയേല്‍ ഇറാന്‍റെ പതാക വ്യാജമായി ഉപയോഗിച്ച് ആക്രമണം നടത്തിയതാണെന്നും ഇറാന്‍ സൈന്യം ആരോപിച്ചു. സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് രാവിലെ കനത്ത ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. 10 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുര്‍ക്കി, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയ ശേഷം അത് ഇറാന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ വക്താവ് പ്രതികരിച്ചു.
ഇറാന്‍റെ ഷഹീദ് ഡ്രോണുകളോട് സാമ്യമുള്ള ലൂക്കാസ് ഉപയോഗിച്ചാണ് സൗദിയിലും കുവൈത്തിലും ഇറാഖിലും ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്‍ ഒരിക്കലും ജനവാസ മേഖലകളെ ലക്ഷ്യമിടുന്നില്ലെന്നും അമേരിക്കന്‍ വ്യോമത്താവളങ്ങള്‍, അമേരിക്കന്‍ ബന്ധമുള്ള സ്ഥാപനങ്ങള്‍, ഇസ്രയേലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെ മാത്രമേ ആക്രമണം ഉണ്ടാവുകയുള്ളൂവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാന്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളും ഔദ്യോഗികമായി ഇറാന്‍ സ്ഥിരീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
