അബുദബിയിലേക്ക് ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍; ഇന്ത്യക്കാരന് പരുക്ക്; 'ഊര്‍ജ പ്ലാന്‍റുകളെ തൊട്ടാല്‍ ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കും' - Kerala Times    

അബുദബിയിലേക്ക് ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍; ഇന്ത്യക്കാരന് പരുക്ക്; ‘ഊര്‍ജ പ്ലാന്‍റുകളെ തൊട്ടാല്‍ ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കും’

March 23, 2026
abu dhabi missile attack indian injured

കീഴടങ്ങിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ പ്ലാന്‍റുകളെ തകര്‍ത്ത് കളയുമെന്ന ട്രംപിന്‍റെ ഭീഷണി തള്ളി ഇറാന്‍. ഊര്‍ജ പ്ലാന്‍റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് പൂര്‍ണമായും അടയ്ക്കുമെന്നും യുഎസിന്‍റെയും ഇസ്രയേലിന്‍റെയും പ്രവര്‍ത്തിക്ക് ലോകം മുഴുവന്‍ വില കൊടുക്കേണ്ടി വരുമെന്നും ഇറാന്‍ സൈന്യത്തിന്‍റെ മുന്നറിയിപ്പ്.

‘ഈ യുദ്ധം ഇറാന്‍ തുടങ്ങിയതല്ല, അതിജീവനത്തിനായി മാത്രമല്ല ഇറാനിപ്പോള്‍ പോരാടുന്നത് അതുകൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭീഷണി ഞങ്ങള്‍ വകവയ്ക്കുന്നില്ല’ എന്നാണ് ഇറാന്‍ സൈന്യത്തിന്‍റെ നിലപാട്. ഹോര്‍മുസ് ഇറാന്‍റെ ശത്രുക്കള്‍ക്കൊഴികെ എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണെന്നായിരുന്നു ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ പ്രതികരിച്ചത്.  തങ്ങളുടെ ഭൂമി നശിപ്പിക്കുന്നവര്‍ക്ക് വേണ്ടി ഹോര്‍മുസ് തുറന്നുനല്‍കില്ലെന്നും ശത്രുപക്ഷത്തില്ലാത്തവര്‍ക്കെല്ലാം ഹോര്‍മുസിലൂടെ പോകാമെന്നും ഇറാന്‍ വ്യക്തമാക്കി.

48 മണിക്കൂറിനകം ഹോര്‍മുസ് പൂര്‍ണായും തുറക്കണമെന്നും ഇല്ലെങ്കില്‍ ഇറാനെ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കുമെന്നുമായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ച് ഫോണില്‍ സംസാരിച്ചു. ആഗോള വ്യാപാരത്തിലെ പ്രതിസന്ധിയും ചര്‍ച്ചയായി.

അതിനിടെ ഇസ്രയേലിലെ പല സ്ഥലങ്ങളിലും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. നാന്നൂറോളം മിസൈലുകള്‍ ഇറാന്‍ സൈന്യം തൊടുത്തുവെന്നും ഇതില്‍ ഭൂരിഭാഗവും പ്രതിരോധിച്ചുവെന്നും ഐഡിഎഫ് പറയുന്നു. ഇറാന്‍റെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ലെബനന്റെ തെക്ക് ഭാഗത്തെ ഖസ്മിയേ പാലം ഇസ്രയേല്‍ തകര്‍ത്തു. ഇറാനെതിരെയും ഹിസ്ബുല്ലയ്ക്ക് എതിരെയും ആക്രമണം ശക്തമാക്കിയതായും ഐഡിഎഫ് അറിയിച്ചു.

ഇറാനിലെ റേഡിയോ സ്റ്റേഷന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലും സ്ഫോടനങ്ങളുണ്ടായി. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. ഇറാന്‍റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്ന് യുഎഇയും സൗദിയും അറിയിച്ചു. അബുദബിയില്‍ ഇറാന്‍റെ ബാലിസ്റ്റിക്  മിസൈല്‍ ആക്രമണത്തില്‍ അവശിഷ്ടം പതിച്ച് ഒരിന്ത്യാക്കാരന് പരുക്കേറ്റു. അല്‍ ഷവാംഖിലാണ് അപകടമുണ്ടായത്. 

യുദ്ധം തുടരുന്നതിനിടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ബ്രെന്‍റ് ക്രൂഡിന് ബാരല്‍ 113.44 ഡോളറായി ഉയര്‍ന്നു. ഇത് 45 മിനിറ്റിന് ശേഷം 111 ഡോളറിലേക്ക് താഴ്ന്നു. വെസ്റ്റ് ടെക്സസ്  ഇന്‍റര്‍മീഡിയറ്റ് ബാരലിന് 100 ഡോളര്‍ കടന്നു. ഫെബ്രുവരി 27ന്, അതായത് യുദ്ധം തുടങ്ങുന്നതിന് മുന്‍പ്  ബ്രെന്‍റ് ക്രൂഡ് ബാരലിന് 72.48 ഡോളറും, വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റിന് 67.02 ഡോളറുമായിരുന്നു വില. 

Latest from Blog

error: Content is protected !!