ശബരിമല - കട്ടിളപ്പാളി പഴയതുതന്നെ; പക്ഷേ, പൂശിയ സ്വർണം നഷ്ടമായി; VSSC ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്തും - Kerala Times    

ശബരിമല – കട്ടിളപ്പാളി പഴയതുതന്നെ; പക്ഷേ, പൂശിയ സ്വർണം നഷ്ടമായി; VSSC ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്തും

January 29, 2026
file 000000008d7471fd9dca4e0b67c24fda

തിരുവനന്തപുരം > ശബരിമലയിലെ കട്ടിളപ്പാളികൾ നഷ്ടമായിട്ടില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണംപൂശിയ പാളികളുടെയും, ക്ഷേത്രത്തിലെ മറ്റു പാളികളുടെയും ഘടന പരിശോധിച്ച വി.എസ്.എസ്.സി. ശാസ്ത്രജ്ഞരുടെ മൊഴികളിൽനിന്നാണ് പ്രത്യേകാന്വേഷണസംഘം ഈ നിഗമനത്തിലേക്ക് എത്തിയത്.

ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്താനും ഇവരുടെ അന്വേഷണ റിപ്പോർട്ടിലെ സാങ്കേതികപ്രയോഗങ്ങളിൽ കൂടുതൽ വിശദീകരണം തേടാനും കോടതി നിർദേശിച്ചിരുന്നു. ചെമ്പുപാളികളുടെ ഘടനയിൽ മാറ്റം സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളതെന്ന് അറിയുന്നു. അതേസമയം സ്വർണം നഷ്ടമായിട്ടുണ്ട്. യു.ബി. ഗ്രൂപ്പ് സ്വർണംപൂശിയ പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ക്ഷേത്രത്തിനു പുറത്തു കൊണ്ടുപോകുകയും, സ്വർണം മാറ്റിയശേഷം സ്‌പോൺസർഷിപ്പിൽ സമാഹരിച്ച സ്വർണംപൂശി തിരിച്ചെത്തിക്കുകയും അതിന്റെ പേരിൽ തട്ടിപ്പു നടത്തുകയും ചെയ്തെന്ന കുറ്റം പ്രതികൾക്കെതിരേ നിലനിൽക്കും.

അതേസമയം പൗരാണികമൂല്യമുള്ള കട്ടിളപ്പാളികൾ സ്വർണംപൂശിയതിന്റെ മറവിൽ കടത്തിയെന്ന കുറ്റം നിലനിൽക്കാനുള്ള സാധ്യത കുറവാണ്. ഇങ്ങനെ പാളികൾ കടത്തിയിട്ടില്ലെന്ന മൊഴികളാണ് പ്രതികളും നൽകിയിട്ടുള്ളത്. പാളികളുടെ രാസഘടനയും ഇതു ശരിവയ്ക്കുന്നതാണ്. ശാസ്ത്രജ്ഞരുടെ മൊഴിയും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും. ഹൈക്കോടതി നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണത്തിൽ കോടതി അനുമതിയോടെ മാത്രമേ കുറ്റപത്രം നൽകാൻ കഴിയുകയുള്ളൂ. ഹൈക്കോടതി നിർദേശിച്ച രീതിയിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് അറിയുന്നു.

Latest from Blog

error: Content is protected !!