തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിനുള്ള തള്ളുകുറയ്ക്കാൻ നിർദേശം മുന്നോട്ടുവെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ‘മത്സരിച്ചു തോൽക്കുന്നവർക്ക് സർക്കാർ വരുമ്പോൾ മറ്റു പദവികളൊന്നും നൽകില്ല. അധികാരത്തിലെത്തുമ്പോൾ സർക്കാർപദവികൾ നൽകുന്നത് സീറ്റ് കിട്ടാത്തവർക്കായിരിക്കും.
യു.ഡി.എഫ്. ജയിക്കുമെന്ന അന്തരീക്ഷം ഉടലെടുത്തതോടെ സ്ഥാനാർഥിത്വത്തിനുള്ള തിരക്കും കൂടിയെന്ന് വേണുഗോപാൽ പറഞ്ഞു. ഒരുപോലെ പരിഗണിക്കേണ്ട ഒട്ടേറെ പേരുണ്ട്. എല്ലാവർക്കും സീറ്റ് നൽകാനാകില്ല. അർഹതയുണ്ടായിട്ടും മുൻപ് സ്വയം മാറിനിന്നവരുണ്ട്. സർക്കാർ വരുമ്പോൾ പദവികൾ ആഗ്രഹിക്കുന്നവർ സീറ്റിനായി വാശിപിടിക്കരുത്. കെ.പി.സി.സി. ആസ്ഥാനത്ത് കോൺഗ്രസ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി. പ്രസിഡന്റുമാർ എടുക്കുന്ന സംഘടനാപരമായ നടപടികൾ അതാതിടത്തെ കെ.പി.സി.സി. ഭാരവാഹികൾകൂടി അറിഞ്ഞായിരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പാർട്ടി നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കർണാടക മന്ത്രി കെ.ജെ. ജോർജ്, കനയ്യകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
