സിബിഐക്ക് കനത്ത തിരിച്ചടി: മദ്യനയ കേസിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി - Kerala Times    

സിബിഐക്ക് കനത്ത തിരിച്ചടി: മദ്യനയ കേസിൽ കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി

February 27, 2026
kejriwal jpg

ന്യൂഡൽഹി> ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു. വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട കേജ്‌രിവാൾ പൊട്ടിക്കരഞ്ഞു. സത്യം ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് കെട്ടിച്ചമച്ച കേസ് ആണിതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നടത്തിയ സിബിഐയ്ക്കെതിരെ കോടതി രൂക്ഷവിമർശനമാണ ്ഉന്നയിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ഏജൻസിയായ സിബിഐക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. പ്രതികൾക്കെതിരെ വിചാരണ തുടങ്ങുന്നതിന് മുൻപുതന്നെ തെളിവുകളുടെ അഭാവത്തിൽ എല്ലാവരെയും വിട്ടയച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

സിബിഐ സമർപ്പിച്ച ആയിരം പേജോളം വരുന്ന കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്നും പ്രതികൾക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടിക്കും കെജ്‌രിവാളിനും വലിയ ആശ്വാസം നൽകുന്നതാണ് കോടതി വിധി. 2022-ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന ആരോപണം. മദ്യക്കമ്പനികൾക്ക് ഇളവുകൾ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ഗോവ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. അരവിന്ദ് കെജ്‌രിവാൾ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ബിജെപിക്ക് ഡൽഹിയിൽ അധികാരത്തിലേറാൻ വഴിതുറന്ന ആരോപണങ്ങളായിരുന്നു ഇവയെങ്കിലും, കോടതിയിൽ ഇവയൊന്നും തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ല.

Latest from Blog

error: Content is protected !!