ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന് ആക്രമണം ശക്തമാക്കുമ്പോള്‍ ഇറാനെ അനുകൂലിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റിടുന്നവര്‍ക്കും പണി കിട്ടി തുടങ്ങിയിട്ടുണ്ട്. ചാരപ്രവര്‍ത്തനം ആരോപിച്ച് അടക്കം പലരും അറസ്റ്റിലായി. ഏഴുപേര്‍ ചാരപ്രവര്‍ത്തനങ്ങള്‍ക്കും മൂന്നുപേര്‍ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് നിയോഗിക്കപ്പെട്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ബഹ്റൈനില്‍ ഇറാന് ആക്രമണത്തെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട രണ്ടുപേര്‍ പിടിയിലായി. അറസ്റ്റിലായവരില്‍ ഒരാള്‍ സൈനികകേന്ദ്രങ്ങളുടെ ദൃശ്യം പകര്‍ത്തിയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കുവൈത്തില്‍ തെറ്റായ ചിത്രം പ്രചരിപ്പിച്ച ഒരാളും പിടിയിലായി.
അതിനിടെ, പ്രതിരോധ ആവശ്യങ്ങള്‍ക്കായി മെഡിറ്ററേനിയന്‍ കടലില്‍ വിമാനവാഹിനികപ്പലും സൈപ്രസിലേക്ക് യുദ്ധക്കപ്പലും അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകള്‍ക്ക് യുഎസ് നാവികസേന അകമ്പടി സേവിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഊര്‍ജവിതരണത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് യുഎസ് ഉറപ്പാക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. അതേസമയം, ആദ്യം ആക്രമിക്കാന്‍ പദ്ധതിയിട്ടത് ഇറാനാണെന്നും അതിന് മുന്‍പ് തങ്ങള്‍ ആക്രമിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇസ്രയേലിന്റെ പിടിവാശിക്ക് വഴങ്ങിയെന്ന വാദം തള്ളിയ ട്രംപ്, ഇസ്രയേലിനെ യുഎസ് ആണ് നിര്‍ബന്ധിച്ചതെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സൈനികതാവളം നിഷേധിച്ചതിനാല്‍ സ്പെയിനുമായി ഇനി വ്യാപാരമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണം തുടങ്ങിയശേഷം ഇതുവരെ ഒന്‍പതിനായിരം അമേരിക്കക്കാരെ പശ്ചിമേഷ്യയില്‍ നിന്ന് മടക്കിയെത്തിച്ചെന്നും ട്രംപ് വ്യക്തമാക്കി.
