ദുബായ് യുഎസ് കോണ്‍സുലേറ്റിനു നേരെ ഇറാന്റെ ആക്രമണശ്രമം;  ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ്; ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണം - Kerala Times    

ദുബായ് യുഎസ് കോണ്‍സുലേറ്റിനു നേരെ ഇറാന്റെ ആക്രമണശ്രമം;  ആക്രമണശ്രമം തകര്‍ത്തെന്ന് ദുബായ്; ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണം

March 4, 2026
file 00000000048071fda4ed4229df1887c7

ദുബായ് > പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നു. ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. യുഎഇയെ ലക്ഷ്യമാക്കി ഇറാന്‍ പ്രകോപനങ്ങള്‍ തുടുകയാണ്. ഇതിനെതിരെ യുഎഇ ശക്തമായി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ ഡ്രോണ്‍ പതിച്ചെന്നും എന്നാല്‍ യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ വ്യക്തമാക്കി. വലിയ സ്‌ഫോടനശബ്ദം കേട്ടതായും തൊട്ടുപിന്നാലെ കോണ്‍സുലേറ്റിന് സമീപം തീജ്വാലകള്‍ കണ്ടതായും പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ കെട്ടിടത്തിന് തീപിടിച്ചിരുന്നെങ്കിലും അധികൃതര്‍ ഉടന്‍ തന്നെ തീ അണച്ചു. ഇതിനു മണഇക്കൂറുകള്‍ക്ക് ശേഷമാണ് ദുബായിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈത്ത് സിറ്റിയിലെ യുഎസ് എംബസിക്ക് നേരെയും ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.

ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളും അതിനെത്തുടര്‍ന്നുള്ള പ്രത്യാക്രമണങ്ങളും രൂക്ഷമായതോടെ, ശനിയാഴ്ച മുതല്‍ ദുബായിയും മറ്റ് ഗള്‍ഫ് നഗരങ്ങളും ആക്രമണ ഭീഷണിയിലാണ്. സംഘര്‍ഷം കണക്കിലെടുത്ത് സൗദിയിലെ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുഎസ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എംബസി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. യുഎസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെ തുടരണമെന്നും യുഎസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ യുഎസ് സൈനികകേന്ദ്രമായ അല്‍ ഉദെയ്ദിലും മിസൈല്‍ ആക്രമണമുണ്ടായി. അതിനിടെ, കഴിഞ്ഞരാത്രി തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ടയര്‍ ജില്ലയില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് പരുക്കേറ്റവരെ മാറ്റുന്നതിനിടെ മൂന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം ഇറാന്‍ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. ഇറാന്‍ ആക്രമണത്തെ നേരിടാന്‍ സജ്ജമെന്നും ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചെന്ന വാദം കള്ളമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ സൈന്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന രണ്ട് സംഘങ്ങളിലെ പത്തുപേരെ അറസ്റ്റ് ചെയ്‌തെന്നും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Latest from Blog

error: Content is protected !!