കൊച്ചി> നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികൾക്ക് (NBFC) ബാങ്ക് വായ്പ നൽകുന്നതിനുള്ള ഉയർന്ന റിസ്ക് വെയ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിൻവലിച്ചതിന് ശേഷവും NBFC കൾക്കും മറ്റ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കും (MFI) വായ്പ നൽകുന്നതിൽ ബാങ്കുകൾ വിമുഖത കാണിക്കുകയാണ്. റിസർവ്വ് ബാങ്ക് നയം MFI കൾക്കും NBFC കൾക്കും സമ്മർദ്ദം കുറക്കുമെന്ന് കരുതിയെങ്കിലും കാൽ ശതമാനത്തിൻ്റെ വർദ്ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായത്.
കുറഞ്ഞ റിസ്ക് വെയ്റ്റുകൾ ബാങ്കുകളെ കൂടുതൽ വായ്പ നൽകാൻ പ്രേരിപ്പിക്കുന്ന ഘടകമായില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മുൻനിര MFI കൾക്കോ NBFC കൾക്കോ പോലും വായ്പ നൽകുന്നതിൽ ബാങ്കുകൾ മടിക്കുകയാണ്. വായ്പക്ക് വേണ്ടി മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും വളർച്ച പെരുപ്പിച്ച് കാണിക്കുന്നുണ്ട്. പല മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും NBFC കളും മതിയായ ഈടില്ലാതെ ലോൺ നൽകി പ്രതിസന്ധിയിലാണ്. മാത്രമല്ല NBFC കൾ പലതും തങ്ങളുടെ ബ്രാഞ്ചുകളിൽ കിലോക്കണക്കിന് മുക്കുപണ്ടം പണയം വച്ച് അതിൽ മേൽ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്ന പ്രവണത കൂടി വരികയാണ്. ഇതൊക്കെ ലോൺ നൽകുന്നതിൽ നിന്നും ബാങ്കുകളെ പിന്നോട്ടു വലിക്കാൻ കാരണമാകുന്നുണ്ട്.
ബാങ്കുകളുടെ മൈക്രോ ലോൺ ബുക്കും, ചെറുകിട ധനകാര്യ ബാങ്കുകളായി (എസ്‌എഫ്‌ബി) പരിവർത്തനം ചെയ്ത എംഎഫ്‌ഐകളും വളർച്ചയിൽ ഇടിവ് കാണിക്കുന്നുണ്ടെന്നും, ഇത് എംഎഫ്‌ഐ മേഖലയെ നെഗറ്റീവ് അന്തരീക്ഷത്തിലേക്ക് നയിക്കുന്നുണ്ടെന്നും ഒരു മുതിർന്ന ബാങ്കർ കേരള ടൈംസിനോട് പറഞ്ഞു. ബാങ്കുകൾ സ്വന്തം എംഎഫ്ഐ ഫണ്ടിംഗ്, എംഎഫ്ഐകൾക്കുള്ള വായ്പകൾ, മൈക്രോ ലോൺ ബൈഔട്ട് ബുക്ക് എന്നിവ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ റിസ്ക്കിൽ എംഎഫ്ഐകളിലേക്കുള്ള എക്സ്പോഷർ വർദ്ധിപ്പിക്കുന്നതിന് അവർ പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന കമ്പനികളിലെല്ലാം എംഎഫ്‌ഐകളുടെ വിതരണവും കുറഞ്ഞു, അതേസമയം തന്നെ MFI കളിലും NBFC കളിലും പിഴവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലിക്വിഡിറ്റി പ്രശ്‌നങ്ങൾ, ആസ്തിയിലെ അവ്യക്തത, ബിസിനസിലെ കുറവ് എന്നിവ കാരണം എംഎഫ്‌ഐകളും NBFC കളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കൊള്ളപ്പലിശ കാരണം ഇവരെ ഇടപാടുകാർ സമീപിക്കാതായി. കൊടുത്ത ലോണുകൾ പലതും നിഷ്ക്രിയ ആസ്തിയായി മാറാൻ തുടങ്ങി. സ്വർണ്ണപ്പണയ ബിസിനസ് പേരിന് പോലും നടക്കാതായിത്തുടങ്ങി. ഇതിനിടയിലാണ് കടപ്പത്രങ്ങൾ വഴി കോടികൾ വാങ്ങിക്കൂട്ടിയത്. വായ്പയേക്കാൾ നിക്ഷേപം കുന്നുകൂടിയതോടെ പലരും തകർച്ചയുടെ വക്കിലാണ്. നിക്ഷേപം തിരിച്ചു കൊടുക്കാൻ സാധിക്കാതായി പല കമ്പനികൾക്കും. 2025 തരണം ചെയ്യാൻ പല കമ്പനികൾക്കും സാധിച്ചേക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.