കൊച്ചി> നിര്‍ദ്ദേശിച്ച പ്രകാരം ഷര്‍ട്ട് സ്റ്റിച്ച് ചെയ്ത് നല്‍കാത്ത ടെയ്‌ലറിംഗ് സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. തൃക്കാക്കര സ്വദേശിയായ തോമസ് ജിമ്മി, കൊച്ചിയിലെ ‘C Fines Gents & Ladies Tailoring’ എന്ന ടെയ്‌ലറിങ് സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്. 2023 ആഗസ്റ്റില്‍, ഷര്‍ട്ടിന്റെ അളവ് നല്‍കി പുതിയ ഷര്‍ട്ട് തയ്യാറാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ടെയ്‌ലറിങ് സ്ഥാപനത്തെ സമീപിച്ചത്. എന്നാല്‍ സ്റ്റിച്ച് ചെയ്ത് ലഭിച്ച ഷര്‍ട്ടിന്റെ അളവുകള്‍ തികച്ചും തെറ്റായതിനാല്‍ അത് ഉപയോഗിക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഷര്‍ട്ട് ശരിയാക്കി നല്‍കണമെന്നാവശ്യപ്പെട്ട് 2024 ജനുവരി മാസം ബന്ധപ്പെട്ടെങ്കിലും എതിര്‍ കക്ഷി സ്ഥാപനം യാതൊരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന്, താന്‍ അനുഭവിച്ച മന: ക്ലേശത്തിനും സാമ്പത്തിക നഷ്ടങ്ങള്‍ക്കും പരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. വാഗ്ദാനം ചെയ്തതുപോലെ സേവനം നല്‍കുന്നതില്‍ എതിര്‍കക്ഷി സ്ഥാപനം വീഴ്ച വരുത്തിയതായി ഡിബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.
ഷര്‍ട്ടിന്റെ തയ്യല്‍ ചാര്‍ജായി നല്‍കിയ 550/- രൂപയും തുണിയുടെ വിലയായ 1,800/- രൂപയും മനക്ലേശത്തിന് നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉള്‍പ്പെടെ 12,350/- രൂപ, 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്‍കി.