കൊച്ചി> സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്ക് ഇന്ന് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് NCD എന്ന ചുരുക്കപ്പേരിൽ അറിയുന്ന നോൺ കൺവേർട്ടബിൾ ഡിബെഞ്ചറുകൾ. ഈ ഡിബെഞ്ചറുകൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും ഗ്യാരണ്ടി ഉണ്ടെന്നാണ് കമ്പനികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ സ്വകാര്യ ധനകാര്യ സ്ഥാപനമായ നോൺ ബാങ്കിംഗ് ഫിനാൻസ് (NBFC) കമ്പനികൾ പുറത്തിറക്കുന്ന എൻ.സി.ഡി (NCD)കൾക്ക് നിലവിൽ യാതൊരു ഗ്യാരണ്ടിയും റിസർവ് ബാങ്കോ സെബിയോ സർക്കാരുകളോ നൽകുന്നില്ല. കാശില്ലാത്ത കമ്പനി മുതലാളി കടം വാങ്ങി പുട്ടടിക്കുന്നതിന്റെ പണം സർക്കാരോ സർക്കാരിതര ഏജൻസികളോ നൽകുമെന്ന് ആരും കരുതേണ്ടതില്ല. നല്ല നിലയിൽ പ്രവർത്തിക്കുന്ന ചുരുക്കം സ്ഥാപനങ്ങളൊഴിച്ചാൽ മിക്കവരുടെയും ഉദ്ദേശം നിക്ഷേപകൻ്റെ പോക്കറ്റിലെ പണം തന്നെയാണ്.
എൻ.സി.ഡി (NCD)കൾക്ക് സെക്യൂരിറ്റിയായി കാണിക്കുന്നത് മുക്കുപണ്ടങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും പട്ടയമില്ലാത്ത ഏക്കറുകണക്കിന് കൈവശ ഭൂമിയും ആർക്കും വേണ്ടാത്ത കായൽ നിലങ്ങളുമൊക്കെയാണ്
ശ്രദ്ധയോടെ നിക്ഷേപം നടത്തുക
തങ്ങൾ ഇറക്കുന്ന കടപ്പത്രം സെക്യൂഡ് ഡിബെഞ്ചറുകൾ ആണെന്നാണ് NBFC കളുടെ വാദം. എന്നാൽ എൻ.സി.ഡി (NCD)കൾക്ക് ചിലർ സെക്യൂരിറ്റിയായി കാണിക്കുന്നത് മുക്കുപണ്ടങ്ങളും ഊതിപ്പെരുപ്പിച്ച കണക്കുകളും പട്ടയമില്ലാത്ത ഏക്കറുകണക്കിന് കൈവശ ഭൂമിയും ആർക്കും വേണ്ടാത്ത കായൽ നിലങ്ങളും പോലുള്ളവയാണ്. കമ്പനി പൂട്ടിക്കഴിഞ്ഞാൽ നിക്ഷേപകർ കൂട്ടത്തോടെ എത്തി മുഷ്‌ടി ചുരുട്ടിയാലും ഒരുനേരത്തെ ആഹാരത്തിനുള്ള പണംപോലും തിരികെ നൽകുവാൻ ഈ സെക്യൂരിറ്റികൾക്ക് കൊണ്ട് കഴിയില്ല. തങ്ങളുടെ NCD യിൽ പണം നിക്ഷേപിച്ചാൽ അത് സുരക്ഷിതമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇതാണ് ചില NBFC മുതലാളിമാരുടെ കാഞ്ഞ ബുദ്ധി.
കമ്പനി പൊട്ടുന്നതോടെ NCD എടുത്തിട്ടുള്ളവർ പെരുവഴിയിൽ ആകും. കേരളത്തിൽ ഇതിനോടകം പൂട്ടിപ്പോയ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചവർക്ക് ആർക്കും തന്നെ ചില്ലിക്കാശുപോലും തിരികെ ലഭിച്ചിട്ടില്ല എന്ന സത്യം മനസ്സിലാക്കുക. കേസും കോടതിയുമൊക്കെയായി ശിഷ്ടജീവിതം നരക ജീവിതമാക്കി തള്ളിനീക്കുകയാണ് വയോധികർ ഉൾപ്പെടെയുള്ളവർ. അത് കൊണ്ട് NCD കളിൽ നിക്ഷേപം നടത്തുന്നവർ വളരെയധികം ശ്രദ്ധയോടെ സ്ഥാപനമറിഞ്ഞ് വേണം നിക്ഷേപം നടത്താൻ.
നിക്ഷേപകർക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൂടുതൽ വിവരങ്ങൾ നൽകാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. Call/Whatsapp – 8848801594, Email: [email protected]
