വ്യോമാതിർത്തിയിലേക്ക് റഷ്യൻ ഡ്രോണുകൾ അതിക്രമിച്ചുകടന്നതായുള്ള പോളണ്ടിന്റെ ആരോപണത്തെത്തുടർന്ന് ആശങ്കകള്‍ കൂടുന്നു. റഷ്യയുടെ നടപടിയെ മനഃപൂർവമുള്ള നുഴഞ്ഞുകയറ്റമായി കണക്കാക്കി, നാറ്റോ സഖ്യത്തിന്റെ കിഴക്കൻ അതിർത്തി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ രാജ്യങ്ങൾ യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കാൻ തീരുമാനിച്ചു. പോളണ്ടിന് പിന്തുണ പ്രഖ്യാപിച്ച് ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് പങ്കുചേരുന്നത്. മറ്റ് നാറ്റോ സഖ്യകക്ഷികളും ഈ നീക്കത്തിൽ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.
19 റഷ്യൻ ഡ്രോണുകൾ പോളിഷ് വ്യോമാതിർത്തിയിലൂടെ പറക്കുകയാരുന്നുവത്രെ. ഡ്രോണുകൾ പോളണ്ടിന്റെ കിഴക്കൻ, തെക്കുകിഴക്കൻ, മധ്യ, വടക്കൻ ഭാഗങ്ങളിലെത്തി, അതിൽ എട്ടെണ്ണത്തോളം പോളണ്ടിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടു., മറ്റുള്ളവ പോളണ്ടിന്റെ കിഴക്കൻ ഭാഗത്തുള്ള വയലുകളിലും ഒരു വീട്ടിലും തകർന്നുവീണു. പോളണ്ടിനെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ റഷ്യയ്ക്ക് പദ്ധതിയില്ലെന്ന് അറിയിച്ചെങ്കിലും, പോളിഷ്, യൂറോപ്യൻ നേതാക്കൾ ഇത് മനഃപൂർവ്വമുള്ള നുഴഞ്ഞുകയറ്റമാണെന്ന് വിശ്വസിക്കുന്നു. ഡ്രോണുകൾ ഭൂരിഭാഗവും ബെലാറുസ് വഴിയാണ് പോളണ്ടിലേക്ക് കടന്നതത്രെ, ഇതിനെ മനഃപൂർവമായ നുഴഞ്ഞുകയറ്റമായി പോളണ്ട്, യൂറോപ്യൻ യൂണിയൻ, നാറ്റോ നേതാക്കൾ കണക്കാക്കുന്നു.
അടിയന്തര നീക്കങ്ങളുമായി നാറ്റോ
ഡെൻമാർക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, പോളണ്ടിന്റെ വ്യോമ പ്രതിരോധത്തെ പിന്തുണയ്ക്കാൻ ഡെൻമാർക്ക് രണ്ട് എഫ്-16 യുദ്ധവിമാനങ്ങളും ഒരു യുദ്ധക്കപ്പലും അയയ്ക്കും. ഇതിനുപുറമെ, ഫ്രാൻസ് മൂന്ന് റഫേൽ യുദ്ധവിമാനങ്ങളും ജർമ്മനി നാല് യൂറോഫൈറ്ററുകളും അയയ്ക്കും.
യൂറോഫൈറ്റർ ടൈഫൂൺ: യൂറോപ്പിന്റെ ആകാശപ്പോരാളി
യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഒരു അത്യാധുനിക മൾട്ടിറോൾ യുദ്ധവിമാനമാണ് യൂറോഫൈറ്റർ ടൈഫൂൺ. ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ രൂപംകൊണ്ട ഈ യുദ്ധവിമാനം, ലോകത്തിലെ ഏറ്റവും മികച്ച പോർവിമാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
വ്യോമ നിരീക്ഷണം ശക്തമാക്കും
ന്യൂയോർക്കിൽ നടന്ന യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ, യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും പോളണ്ടിന് പിന്തുണ പ്രഖ്യാപിച്ചു. റഷ്യൻ ആക്രമണങ്ങളെ നേരിടാൻ നെതർലാൻഡ്‌സും ചെക്ക് റിപ്പബ്ലിക്കും പോളണ്ടിലേക്ക് പ്രതിരോധ സംവിധാനങ്ങൾ അയയ്ക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ജർമ്മൻ സൈനിക വിഭാഗത്തെ സ്വീകരിക്കാൻ ലിത്വാനിയ ഒരുങ്ങുകയാണ്. കൂടാതെ, പോളണ്ടിന് മുകളിലുള്ള വ്യോമ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് ജർമ്മനി അറിയിച്ചു.
റഷ്യൻ നടപടി: ആകസ്മികമോ?
റഷ്യൻ ഡ്രോണുകൾ പോളണ്ടിലേക്ക് കടന്നുകയറിയത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന റഷ്യയുടെയും അവരുടെ സഖ്യകക്ഷിയായ ബെലാറസിന്റെയും വാദങ്ങളെ പോളണ്ട് ശക്തമായി തള്ളി. ജാമിങ് കാരണം ഡ്രോണുകൾ വഴിതെറ്റിപ്പോയതാണെന്ന ബെലാറസിന്റെ വാദത്തെയും പോളണ്ട് അംഗീകരിക്കുന്നില്ല. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ ഡ്രോൺ ആക്രമണം ഒരു തെറ്റാകാൻ സാധ്യതയുണ്ടെന്ന അഭിപ്രായത്തെ തള്ളിക്കളഞ്ഞു.
