മുഹമ്മദ് ഷിയാസ് കൊച്ചിയിലേക്ക്?; മണ്ഡലത്തിൽ വ്യാപക എതിർപ്പ്; സാമുദായിക- ഗ്രൂപ്പ് പരിഗണനകളിൽ കറങ്ങി കോൺഗ്രസ് ചർച്ചകൾ - Kerala Times    

മുഹമ്മദ് ഷിയാസ് കൊച്ചിയിലേക്ക്?; മണ്ഡലത്തിൽ വ്യാപക എതിർപ്പ്; സാമുദായിക- ഗ്രൂപ്പ് പരിഗണനകളിൽ കറങ്ങി കോൺഗ്രസ് ചർച്ചകൾ

February 20, 2026
file 0000000034a072098429e4b402c3146e

കൊച്ചി> സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളിൽ കറങ്ങി ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലത്തിൽ മത്സരിക്കുന്നതിനെ അടിസ്ഥാനമാക്കിയാവും തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിൽ ആരുവരുമെന്ന് വ്യക്തമാവുക.

കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയാകുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നത്. കൊച്ചി ‘ലത്തീൻ മണ്ഡല’മായാണ് കോൺഗ്രസിൽ കണക്കാക്കിയിട്ടുള്ളത്. ഷിയാസ് കൊച്ചിയിൽ മൽസരിക്കുന്നതിനെതിരെ വ്യാപക എതിർപ്പാണ് മണ്ഡലത്തിൽ ഉയരുന്നത്. ഷിയാസ് അവിടെ വരുമ്പോൾ വൈപ്പിൻ സീറ്റ് ലത്തീൻ സമുദായത്തിനായി മാറ്റി വെയ്ക്കേണ്ടിവരും. കഴിഞ്ഞതവണ ദീപക് ജോയ് മത്സരിച്ച വൈപ്പിൻ ഈഴവ സമുദായത്തിന് നൽകിവന്നിരുന്ന സീറ്റായാണ് പരിഗണിക്കുന്നത്. കെ. ബാബു മത്സരരംഗത്തുനിന്ന് മാറിയതോടെ തൃപ്പൂണിത്തുറ സീറ്റ് ഈഴവ പ്രാതിനിധ്യത്തിനായി മാറ്റിവെയ്ക്കേണ്ടിവരും. സാമുദായിക പരിഗണനകൾ ഈ വിധത്തിൽ വരുമ്പോൾ കോൺഗ്രസിൽ പല പ്രമുഖർക്കും സീറ്റ് കിട്ടാത്ത സാഹചര്യം ഉണ്ടാവും.

അതിനൊപ്പം ഗ്രൂപ്പ് സമവാക്യവും പ്രധാനമാണ്. കൊച്ചി സീറ്റിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ വിഭാഗത്തിൽനിന്നുള്ള ടോണി ചമ്മണിയാണ് മത്സരിച്ചിരുന്നത്. അവിടേക്ക് ഐ ഗ്രൂപ്പിലെ വി.ഡി. സതീശൻ വിഭാഗത്തിൽനിന്ന് മുഹമ്മദ് ഷിയാസ് വരുമ്പോൾ എ വിഭാഗം മറ്റൊരു സീറ്റ് ആവശ്യപ്പെട്ടേക്കും. വൈപ്പിനിൽ സതീശന്റെ അനുയായി ഷാരോൺ പനയ്ക്കലിന്റെയും മുൻ മേയർ ടോണി ചമ്മണിയുടെയുമെല്ലാം പേരുകളാണ് പ്രധാനമായും ഉയർന്നിട്ടുള്ളത്. വൈപ്പിനും സതീശൻ വിഭാഗത്തിന് നൽകുകയാണെങ്കിൽ എ വിഭാഗത്തിന് രണ്ട് സീറ്റുകൾ നഷ്ടമാവും. അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറ സീറ്റ് വിട്ടുകൊടുക്കാതിരിക്കാൻ എ വിഭാഗം പ്രത്യേകം ശ്രദ്ധിക്കും. ഡെപ്യൂട്ടി മേയർ ദീപക് ജോയിയെയാണ് എ വിഭാഗം അവിടേക്ക് പരിഗണിക്കുന്നത്. എന്നാൽ നേതാക്കളായ അജയ് തറയിൽ, തമ്പി സുബ്രഹ്മണ്യം, രാജു പി. നായർ തുടങ്ങിയവരുടെയും നടൻ രമേഷ് പിഷാരടിയുടെയും മറ്റും പേരുകൾ ചർച്ചചെയ്യപ്പെടുന്നുണ്ട്.

ലത്തീൻ സമുദായത്തിനായി എറണാകുളം സീറ്റും മാറ്റിവെയ്ക്കും. അവിടെ ടി.ജെ. വിനോദ് എം.എൽ.എ. തന്നെയാവും മത്സരിക്കുക. തൃക്കാക്കര സീറ്റിനായി പലരും മോഹിക്കുന്നുണ്ടെങ്കിലും സിറ്റിങ് എം.എൽ.എ. എന്ന നിലയിൽ ഉമാതോമസിനുതന്നെയായിരിക്കും അവസരം. ആലുവയിലും അങ്കമാലിയിലും സിറ്റിങ് എം.എൽ.എ.മാരായ അൻവർ സാദത്തും റോജി എം. ജോണും തന്നെയാവും മത്സരിക്കുക. പെരുമ്പാവൂരിൽ സിറ്റിങ് എം.എൽ.എ. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ചില മുതിർന്ന നേതാക്കൾ അദ്ദേഹത്തെ അനുകൂലിക്കുന്നുമുണ്ട്.

Latest from Blog

error: Content is protected !!