കൊച്ചി > കൊച്ചി നിയമസഭാ മണ്ഡലം നിലവിൽ വന്നിട്ട് മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് സിപിഎമ്മിന്റെ കെ.ജെ.മാക്സി. കൊച്ചി ഉൾപ്പെടെ 5 മണ്ഡലങ്ങളിലാണ് എറണാകുളത്ത് എൽഡിഎഫ് വിജയിച്ചത്. എന്നാൽ ഇത്തവണ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും പിടിക്കുമെന്നാണ് യുഡിഎഫ് പ്രഖ്യാപനം. ഈ സാഹചര്യത്തിൽ ഏവരും ഉറ്റുനോക്കുന്ന മത്സരങ്ങളിലൊന്നു കൂടിയാണ് കൊച്ചി. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് മാക്സി തന്നെയായിരിക്കും ഇടതു സ്ഥാനാര്‍ഥി. വിജയസാധ്യത പരിഗണിച്ച് 2 ടേം പരിധി പ്രശ്നമാക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചാൽ സ്ഥാനാർഥിത്വം ഉറപ്പ്. എന്നാൽ യുഡിഎഫിനെ സംബന്ധിച്ച് സ്ഥാനാർഥി നിർണയം അത്ര എളുപ്പമായേക്കില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. അതിന്റെ തുടക്കമെന്നോണം കൊച്ചി മണ്ഡലത്തിൽ ‘കൊച്ചി എംഎൽഎ കൊച്ചിയിൽ നിന്ന് മതി’ തുടങ്ങിയ പോസ്റ്ററുകളും പ്രചരിച്ചു തുടങ്ങി. സ്ഥലത്തെ കോൺഗ്രസ് അനുഭാവ കൂട്ടായ്മയായ ‘ജനപക്ഷ വേദി’യുടെ പേരിലാണ് പോസ്റ്ററുകൾ.
മാക്സിക്ക് മൂന്നാം ടേം കിട്ടുമോ?
നേരത്തെ മട്ടാഞ്ചേരിയായിരുന്ന മണ്ഡലം 2011ലാണ് മണ്ഡലപുനർനിർണയത്തെ തുടർന്ന് കൊച്ചിയായി മാറുന്നത്. മട്ടാഞ്ചേരി മണ്ഡലത്തില്‍ 1980കൾ മുതൽ മുസ്‍ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചു പോരുന്നത്. എന്നാൽ 1996ൽ ഇടതു സ്വതന്ത്രൻ എം.എ.തോമസ് വിജയിച്ചതാണ് ഇതിന് അപവാദം. എന്നാൽ 2001ലും 2006ലും ലീഗ് സ്ഥാനാർഥി വി.കെ.ഇബ്രാഹിം കുഞ്ഞ് വിജയിച്ചു. 2011ൽ കൊച്ചി മണ്ഡലം നിലവിൽ വന്നതോടെ ഇതിന്റെ രാഷ്ട്രീയ സ്വഭാവവും മാറി. ഇബ്രാഹിം കുഞ്ഞ് കളമശേരിയിലേക്ക് മാറി. 2011ൽ കോണ്‍ഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷൻ 16,863 വോട്ടുകൾക്ക് സിപിഎമ്മിന്റെ എം.സി.ജോസഫൈനെ തോൽപ്പിച്ചു കൊണ്ട് പുതിയ മണ്ഡലത്തിലെ ആദ്യ വിജയിയായി. 2016ൽ പക്ഷേ ഡൊമിനിക് പ്രസന്റേഷന് അടിതെറ്റി. കെ.ജെ.മാക്സി എന്ന സിപിഎമ്മിന്റെ കൊച്ചി കോർപറേഷൻ കൗൺസിലർ 1,086 വോട്ടുകൾക്ക് ഡൊമിനിക് പ്രസന്റേഷനെ അട്ടിമറിച്ചു. 2021ലും മാക്സി വിജയം ആവർത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാർഥിയും മുൻ കൊച്ചി മേയറുമായിരുന്ന ടോണി ചമ്മിണിയെ 14,079 വോട്ടുകൾക്ക് തോൽപ്പിച്ചുകൊണ്ട് ഭൂരിപക്ഷം കുത്തനെ കൂട്ടി.
ആഞ്ഞു പിടിക്കാൻ കോൺഗ്രസ്
കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കും? ഡൊമിനിക് പ്രസന്റേഷൻ തന്നെയാണ് മത്സരാര്‍ഥികളിൽ മുന്നിൽ നിൽക്കുന്നത്. ടോണി ചമ്മണി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കൗൺസിലർ ഹെന്‍റി ഓസ്റ്റിൻ തുടങ്ങിയവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. മുഹമ്മദ് ഷിയാസിനായി ലീഗ് കളമശേരി വിട്ടു നൽകിയില്ലെങ്കിൽ കൊച്ചിയിൽ മത്സരിക്കുമോ തുടങ്ങിയ ചർച്ചകൾ സജീവമാണ്. അപ്പോൾ മുതിർന്ന നേതാവായ ഡൊമിനിക് പ്രസന്റേഷന് എവിടെ സീറ്റു നൽകും എന്നതും പ്രശ്നമാണ്. ഇനി ലീഗ് കളമശശേരി വിട്ടു നൽകിയാൽ കൊച്ചി സീറ്റ് ലീഗിനു നൽകേണ്ടി വരും. ആരായാലും മാക്സിയെ അട്ടിമറിക്കാൻ കരുത്തുള്ളയാൾ ആവണമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
ചൂടേറ്റി ‘മണ്ണിന്റെ മക്കൾ വാദ’വും
സ്ഥാനാർഥി നിർണയ ചര്‍ച്ചകൾ കൊടുമ്പിരി കൊള്ളുമ്പോഴാണ് മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി പരിസരങ്ങളിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘ഇടതായാലും വലതായാലും കൊച്ചിക്കാർ മതി എംഎൽഎ’ എന്നാണ് പോസ്റ്ററിലെ ഒരു വാക്യം. ‘കൊച്ചിയുടെ എംപിയും മേയറും എറണാകുളത്തു നിന്ന്. ഇനി എംഎൽഎയും എറണാകുളത്തുകാർക്ക് വേണോ?’ എന്ന് മറ്റൊരു വാക്യം. ‘വരുത്തൻ എംഎൽഎ സ്ഥാനാര്‍ഥി വേണ്ടേ വേണ്ട’ എന്ന് ഒരു വാക്യം. ജനപക്ഷ വേദിയുടെ പേരിലുള്ള പോസ്റ്ററിനെ ചൊല്ലിയുള്ള ചർച്ചകളും ഇതോടെ ചൂടുപിടിച്ചിട്ടുണ്ട്. ഇടതായാലും വലതായാലും ആരു മത്സരിച്ചാലും കുഴപ്പമില്ല, പക്ഷേ കൊച്ചിക്കാർ വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ജനപക്ഷ വേദി ഭാരവാഹികളിലൊരാൾ പ്രതികരിച്ചു. ‘‘കൊച്ചി കോർപറേഷൻ എന്നു പേരിട്ട് കൊച്ചിയെ എറണാകുളത്തുകാർ സ്വന്തമാക്കി. ഞങ്ങളെ പശ്ചിമകൊച്ചിക്കാരുമാക്കി. എന്നാൽ മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും പള്ളുരുത്തിയും തോപ്പുംപടിയും ഇടക്കൊച്ചിയും അടങ്ങുന്നതാണ് കൊച്ചി. അതുകൊണ്ട് ഇത്തവണ സ്ഥാനാർഥികൾ കൊച്ചിക്കാരനാവണം’’, ഭാരവാഹികളിലൊരാൾ പ്രതികരിച്ചു. നിലവിൽ കോൺഗ്രസിന്റെ പരിഗണനാപട്ടികയിലുള്ളരെന്നു കരുതുന്നവരിലാരും ഈ അർഥത്തിൽ കൊച്ചിക്കാരല്ല, മറിച്ച് ‘എറണാകുളത്തുകാരാണ്’. അതേ സമയം, ഇടത് എംഎൽഎ. കെ.ജെ.മാക്സി കൊച്ചിക്കാരനും. ഫലത്തിൽ പുതിയ പോസ്റ്റർ പ്രചരണം മാക്സിയെ കൂടുതൽ സഹായിക്കാനും സാധ്യതയുണ്ട്.
