മൊജ്തബ ഖമേനി സ്വവര്‍ഗാനുരാഗി; തന്റെ മുന്‍ അധ്യാപകനുമായി ദീര്‍ഘകാല ബന്ധം;   സി.ഐ.എ വിവരം നല്‍കിയതായി ട്രംപ്; പുതിയ ഇറാന്‍ പരമോന്നത നേതാവിനെതിരെ വിവാദ പരാമര്‍ശവുമായി അമേരിക്കൻ പ്രസിഡന്റ് - Kerala Times    

മൊജ്തബ ഖമേനി സ്വവര്‍ഗാനുരാഗി; തന്റെ മുന്‍ അധ്യാപകനുമായി ദീര്‍ഘകാല ബന്ധം;   സി.ഐ.എ വിവരം നല്‍കിയതായി ട്രംപ്; പുതിയ ഇറാന്‍ പരമോന്നത നേതാവിനെതിരെ വിവാദ പരാമര്‍ശവുമായി അമേരിക്കൻ പ്രസിഡന്റ്

March 27, 2026
images 2026 03 27T164209.209

വാഷിംഗ്ടണ> ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി സ്വവര്‍ഗാനുരാഗിയാണെന്ന് തനിക്ക് സി.ഐ.എ വിവരം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മകനായ മൊജ്തബയ്‌ക്കെതിരെ ട്രംപ് വിവാദ പരാമര്‍ശം നടത്തിയത്. കടുത്ത ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇറാനില്‍ ഈ വിവരം പുതിയ നേതാവിന് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയാകുമെന്നും ട്രംപ് പരിഹസിച്ചു.

മൊജ്തബ ഖമേനിക്ക് തന്റെ മുന്‍ അധ്യാപകനുമായി ദീര്‍ഘകാല ബന്ധമുണ്ടായിരുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് വിശ്വസിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ട്രംപ് ശരിവെക്കുകയാണിപ്പോള്‍ ചെയ്തത്. സി.ഐ.എ മാത്രമല്ല, പലരും ഇക്കാര്യം പറയുന്നുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്നെ മൊജ്തബയെ ‘ലൈറ്റ് വെയ്റ്റ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം അനുയോജ്യനല്ലെന്ന നിലപാടിലാണ്.

ഫലസ്തീനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ സ്വവര്‍ഗാനുരാഗികളെയും ഫെമിനിസ്റ്റുകളെയും ട്രംപ് അഭിമുഖത്തില്‍ പരിഹസിച്ചു. ‘ഫലസ്തീനില്‍ സ്വവര്‍ഗാനുരാഗികളെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും ‘ഗെയ്‌സ് ഫോര്‍ ഫലസ്തീന്‍’ എന്ന് വിളിച്ചുപറയുന്നവരെ കാണുമ്പോള്‍ എനിക്ക് ചിരി വരും’ – ട്രംപ് പറഞ്ഞു. സ്വവര്‍ഗാനുരാഗം കടുത്ത കുറ്റകൃത്യമായി കാണുന്ന രാജ്യമാണ് ഇറാന്‍. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കുന്ന രീതി അവിടെ നിലവിലുണ്ട്.

മൊജ്തബയുടെ സ്വകാര്യ ജീവിതത്തിലെ ചില ‘പ്രശ്‌നങ്ങള്‍’ കാരണം അദ്ദേഹത്തെ പിന്‍ഗാമിയാക്കുന്നതില്‍ പിതാവ് അലി ഖമേനിക്കും ആശങ്കയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2008-ലെ ചില നയതന്ത്ര കേബിളുകളില്‍ (ണശസശഘലമസ)െ മൊജ്തബ ചികിത്സയ്ക്കായി ലണ്ടന്‍ സന്ദര്‍ശിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിന് ശേഷം മൊജ്തബ ഖമേനി എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എന്താണെന്നോ ഉള്ള വിവരങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്.

അതിനിടെ മൊജ്തബ ഖമേനിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇറാന്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ഗൂഢാലോചനയാണിതെന്ന് ടെഹ്‌റാന്‍ കുറ്റപ്പെടുത്തി. ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കന്‍ ഭരണകൂടം നേരിടുന്ന രാഷ്ട്രീയ തിരിച്ചടികളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ ഭിന്നതകളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ട്രംപ് ഇത്തരം തരംതാണ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇറാന്‍ അനുകൂലികള്‍ പറയുന്നു. മൊജ്തബ ഖമേനിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അദ്ദേഹം എവിടെയാണെന്നോ ഉള്ള വിവരങ്ങള്‍ ഇറാന്‍ ഇപ്പോഴും അതീവ രഹസ്യമായി വെച്ചിരിക്കുകയാണ്. ഫെബ്രുവരിയിലെ ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Latest from Blog

error: Content is protected !!