ആ ചോദ്യം എല്ലാവരെയും നിശബ്ദരാക്കി, വിട്ടുവീഴ്ചയില്ലാതെ യുഎസും ഇറാനും; ചർച്ച പൊളിഞ്ഞതിലെ കാരണങ്ങൾ - Kerala Times    

ആ ചോദ്യം എല്ലാവരെയും നിശബ്ദരാക്കി, വിട്ടുവീഴ്ചയില്ലാതെ യുഎസും ഇറാനും; ചർച്ച പൊളിഞ്ഞതിലെ കാരണങ്ങൾ

April 14, 2026
FB IMG 1776044432645

വാഷിങ്ടൺ> യുഎസും ഇറാനും തമ്മിൽ പാക്കിസ്ഥാനിൽ നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിനു പിന്നിലെ കാരണങ്ങൾ പുറത്ത്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന 20 മണിക്കൂർ നീണ്ട ചർച്ചകളാണ് യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്ന കാലയളവിനെച്ചൊല്ലിയുള്ള തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തട്ടി വഴിമുട്ടിയത്.

യുറേനിയും സമ്പുഷ്ടീകരണം

ഇറാൻ അവരുടെ യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ 20 വർഷത്തേക്ക് നിർത്തിവയ്ക്കണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് പരമാവധി 5 വർഷം മാത്രമേ സാധ്യമാകൂ എന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നു. പന്ത്രണ്ടര വർഷത്തെ ഇടക്കാല കാലാവധി എന്ന നിർദേശം ഉയർന്നെങ്കിലും ഇരുപക്ഷവും അതിനോട് പൂർണമായി യോജിച്ചില്ല. ഇറാന്റെ ആഭ്യന്തര സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന മുൻ നിലപാടിൽ നിന്ന് യുഎസ് പിന്നോട്ട് പോയത് വലിയ മാറ്റമായി വിലയിരുത്തപ്പെടുന്നു.

ഹോർമുസ് കടലിടുക്കും ഉപരോധങ്ങളും

ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുന്നതും ചർച്ചാവിഷയമായി. ഇറാൻ ഏർപ്പെടുത്തിയ ഉപരോധം നീക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോൾ, തങ്ങൾക്കെതിരെയുള്ള രാജ്യാന്തര ഉപരോധങ്ങൾ പിൻവലിക്കണമെന്ന നിലപാടിലായിരുന്നു ഇറാൻ.

വിശ്വാസക്കുറവ് തിരിച്ചടിയായി

ചർച്ചകൾക്കിടയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മുൻപ് ജനീവയിൽ ചർച്ചകൾ നടക്കുമ്പോൾ ആക്രമിക്കില്ലെന്ന് യുഎസ് ഉറപ്പ് നൽകിയിരുന്നെങ്കിലും രണ്ടു ദിവസത്തിനുള്ളിൽ യുഎസ് -ഇസ്രയേൽ ആക്രമണം ഉണ്ടായ കാര്യം അദ്ദേഹം ഓർമിപ്പിച്ചു. നിങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന അരാഗ്ചിയുടെ ചോദ്യം ചർച്ചാ മുറിയിൽ വലിയ നിശബ്ദതയുണ്ടാക്കി.

Latest from Blog

error: Content is protected !!